കോട്ടയം: നഗരവീഥികൾ അമ്പാടിയായി. ഓടക്കുഴലും മയില്പീലിയും പീതാംബരവും ധരിച്ച ഉണ്ണിക്കണ്ണന്മാര് വീഥികള്‍ കൈയടക്കിയതോടെ ജില്ലയിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ വര്‍ണാഭമായി. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നെത്തിയ ചെറു ശോഭായാത്രകൾ നഗരത്തിലെത്തി മഹാ ശോഭായാത്രയായി സെൻട്രൽ ജംഗ്ഷനിൽ സംഗമിച്ചു.
പൂണ്യമീ മണ്ണ് പവിത്രമീ ജന്മം എന്ന സന്ദേശം ഉയര്‍ത്തി ജില്ലയിലെ 3500 സ്ഥലങ്ങളിലാണ് ശീകൃഷ്ണ ജയന്തി ശോഭായാത്ര നടത്തിയത്. വയനാട് ദുരന്ത പശ്ചാത്തലത്തില്‍ പ്രത്യേക ക്രമീകരണങ്ങളോടെയായിരുന്നു ആഘോഷങ്ങൾ. ശോഭായാത്രയുടെ തുടക്കത്തില്‍ വയനാട് ദുരന്ത ബാധിതര്‍ക്കായി അനുസ്മരണവും പ്രാര്‍ഥനയും എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി സമൂഹത്തിന്റെ കരുതലായി സ്നേഹനിധി സമര്‍പ്പണവും നടത്തി. ഉറിയടി, നിശ്ചല ദൃശ്യം, മയക്കുമരുന്നു ലഹരിക്കെതിരെ സമൂഹ പ്രതിജ്ഞ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി.
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ കോട്ടയം നഗരത്തില്‍ തളിയക്കോട്ട, അമ്പലക്കടവ്, മുട്ടമ്പലം, വേളൂര്‍, പറപ്പാടം, കോടിമത, തിരുനക്കര തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിച്ച ശോഭായാത്ര സെന്‍ട്രല്‍ ജംഗ്ഷനില്‍ സംഗമിച്ചു.