കേരളത്തില്‍നിന്ന് സിറിയയിലെയും അഫ്ഗാനിസ്ഥാനിലെയും ഭീകര ക്യാന്പുകളിലേക്കു റിക്രൂട്ട് ചെയ്ത യുവാക്കളെ കൊളംബോയിലെ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ താമസിപ്പിച്ചിരുന്നതായി ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ടെത്തി. മൂന്നൂറിലേറെ പേര് കൊല്ലപ്പെട്ട ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന സ്ഫോടന പരന്പരയുമായുള്ള ഇന്ത്യക്കാരുടെ ബന്ധത്തിനു കൂടുതല്‍ അന്വേഷണത്തിലൂടെ തെളിവു കണ്ടെത്താനായേക്കുമെന്ന് എന്‍ഐഎ കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.
കാസര്‍ഗോട്ടുനിന്ന് ഐഎസില്‍ ചേര്‍ന്ന അഷ്ഫാക് മജീദ്, കോഴിക്കോട്ടുകാരനായ അബ്ദുള്‍ റഷീദ് അബ്ദുള്ള, പാലക്കാട് സ്വദേശി ബെസ്റ്റിന് വിന്‍സന്റ് എന്നിവര്‍ 2016ല്‍ ശ്രീലങ്കയില്‍ എത്തിയിരുന്നതായി നേരത്തേതന്നെ എന്‍ഐഎ കണ്ടെത്തിയിരുന്നു. കൊളംബോയില്‍നിന്നാണ് ഇവരെല്ലാം പിന്നീട് സിറിയയിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ പോയത്.
അഷ്ഫാക് മജീദും ഭാര്യ ഷംസിയയും മകള്‍ അയിഷയും 2016 ഫെബ്രുവരിയിലാണ് കൊളംബോയിലെത്തിയത്. അബ്ദുള്‍ റഷീദ് അബ്ദുള്ളയും ഭാര്യ അയിഷയും മകള്‍ സാറയും ഏതാണ്ട് ഇതേ കാലയളവില്‍ ശ്രീലങ്കയിലെത്തി. പാലക്കാട്ടുകാരന് ബെസ്റ്റിന് 2015 ഡിസംബറില്‍ നേരേ ശ്രീലങ്കയിലെത്തിയ ശേഷമായിരുന്നു ഭീകരസംഘടനയില്‍ ചേര്‍ന്നത്.
മുംബൈയിലെ സക്കീല് നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് സെന്ററില്‍ ഇസ്ലാമിലേക്കു മതപരിവര്‍ത്തനം നടത്തപ്പെട്ട ചിലരും പിന്നീട് കൊളംബോയിലേക്കു പോയിരുന്നതായി എന്‍ഐഎയ്ക്ക് സൂചനയുണ്ട്. ഭീകരസംഘടനയില്‍ ചേര്‍ക്കുന്നതിനായി മതപരിവര്‍ത്തനം നടത്തിയ കേസില്‍ ആര്‍ഷി ഖുറേഷി എന്നയാള്‍ക്കെതിരേ എന്‍ഐഎ ചാര്‍ജ്ഷീറ്റ് നല്‍കിയിരുന്നു.
എന്തായാലും ശ്രീലങ്കയിലെ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിനെക്കുറിച്ചു വിശദമായി അന്വേഷണം വിവരങ്ങള്‍ കൈമാറണമെന്ന് ശ്രീലങ്കയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള നിയമസഹായ കരാറിന്റെ അടിസ്ഥാനത്തില്‍ വിവരം നല്‍കാനാണ് ആവശ്യം. ഭീകരാക്രമണങ്ങളിലൂടെ ജിഹാദ് നടപ്പാക്കാന്‍ മസ്തികക്ഷാളനവും പരിശീലനവും നല്കുന്നതില് ശ്രീലങ്കയിലെ ഇസ്ലാമിക് കേന്ദ്രത്തിലെ ചിലര്‍ക്കെങ്കിലും ബന്ധം ഉണ്ടാകുമെന്നാണു വിലയിരുത്തല്‍.
ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ചാവേര്‍ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി എന്‍ഐഎ നേരത്തെതന്നെ ശ്രീലങ്കയ്ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. ഇന്ത്യന്‍ എംബസിക്കു നേരെയും അക്രമം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭീകരാക്രമണം തടയാന്‍ മുന്‍കരുതല്‍ നടപടികളൊന്നും സ്വീകരിക്കാതിരുന്നത് ഞെട്ടിച്ചു.
ക്രൈസ്തവര്‍ക്കു നേരേയുള്ള അക്രമം തടയാതിരുന്നതില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയത് ഗുരുതര പിഴവാണെന്ന് കൊളംബോ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് ചൂണ്ടിക്കാട്ടി. ന്യൂസിലന്‍ഡിലെ ഒരു തീവ്രവാദിയുടെ നടപടിയുടെ പേരില്‍ ശ്രീലങ്കയിലെ ക്രൈസ്തവരെ ആസൂത്രിതമായി കൂട്ടക്കൊല ചെയ്തതിനു ന്യായീകരണമില്ലെന്ന് കൊളംബോയിലെ സമാധാനപ്രേമികളായ മുസ്ലിംകളും പറയുന്നു. സമാധാന പ്രേമികളായ ക്രൈസ്തവര്‍ തിരിച്ചടിക്കില്ലെന്നതും ക്രൈസ്തവരെ ആക്രമിച്ചാല്‍ ആഗോള ശ്രദ്ധ നേടി ഭീകരത പടര്ത്താനാകുമെന്നതുമാണ് കാരണമെന്നുമാണ് ഇന്ത്യയുടെ വിലയിരുത്തല്‍.