കൊച്ചി: കേരളത്തിൽ നിന്നു കസ്റ്റഡിയിലെടുത്ത മലയാളികൾക്കു ശ്രീലങ്കയിൽ നടന്ന സ്ഫോടനവുമായി നേരിട്ടു ബന്ധമില്ലെങ്കിലും ആശയങ്ങൾ പ്രചരിപ്പിച്ചു തീവ്രവാദത്തിനു ആളെ കൂട്ടിയെന്നു എൻഐഎ. ഇവർ തീവ്ര വർഗീയത പ്രചരിപ്പിച്ചതായി കണ്ടെത്തി. ശ്രീലങ്കൻ സ്ഫോടനം ആസൂത്രണം ചെയ്ത സഹ്രാൻ ഹാഷിമിന്റെ പ്രസംഗങ്ങളും ആശയങ്ങളും ഇവർ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് എൻഐഎ വ്യക്തമാക്കി.
ശ്രീലങ്കൻ സ്ഫോടനം ആസൂത്രണം ചെയ്ത നാഷണൽ തൗഹീദ് ജമാ അത്ത് നേതാവ് സഹ്രാൻ ഹാഷിമിന് കേരളവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള എൻഐഎ അന്വേഷണം തുടരുകയാണ്. കസ്റ്റഡിയിലായ പാലക്കാട് സ്വദേശി കൊല്ലങ്കോട് സ്വദേശി മുതലമട ചെമ്മണാംപതി അക്ഷയനഗറിലെ റിയാസ് അബൂബക്കറിനെയാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്. അത്തർവില്പനക്കാരനായ ഇയാൾക്കു നാഷണൽതൗഹീദ് ജമാ അത്തിന്റെ തമിഴ്നാട് ഘടകവുമായും ബന്ധമുണ്ടെന്ന് എൻഐഎ അറിയിച്ചു. കേസെടുത്ത് അന്വേഷിക്കാനാണ് എൻഐഎയുടെ നീക്കം.
മുന്നറിയിപ്പില്ലാതെ ഇന്നലെ പുലർച്ചെ കൊല്ലങ്കോട് എത്തിയ എൻഐഎ സംഘം മൂന്നു മണിക്കൂർ നീണ്ട പരിശോധനയ്ക്കൊടുവിലാണ് റിയാസിനെ കസ്റ്റഡിയിലെടുത്തത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഓഫീസിലേക്കുകൊണ്ടു പോകുകയായിരുന്നു. കുറച്ചുനാളുകളായി റിയാസ് ഇവരുടെ നിരീക്ഷണത്തിലായിരുന്നു. സഹ്രാൻ ഹാഷിം മുന്പ് കേരളത്തിൽ എത്തിയതായി തെളിവുകളൊന്നും നിലവിൽ കിട്ടിയിട്ടില്ല. എങ്കിലും, സഹ്രാൻ ഹാഷിം കേരളത്തിൽ എത്തിയിരുന്നോയെന്നും പരിശോധിക്കുമെന്ന് എൻഐഎ അറിയിച്ചു.
കാസർകോട് സ്വദേശികളായ രണ്ട് പേരോട് ഇന്നു കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ വീടുകളിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ മൊബൈൽ ഫോണുകളടക്കം പിടിച്ചെടുത്തിരുന്നു.
കൊളംബോയിലെ ഭീകാരാക്രമണത്തിൽ ചാവേറായി മാറിയ സഹ്രാൻ ഹാഷിമിന്റെപ്രസംഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ കേരളത്തിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ അന്വേഷണം. അതേസമയം, ശ്രീലങ്കയിൽ സ്ഫോടനം നടത്തിയ ചാവേറുകൾ കേരളത്തിലും തമിഴ്നാട്ടിലുമെത്തിയിരുന്നു എന്ന വിവരത്തെ തുടർന്ന് കേരളത്തിലും തമിഴ്നാട്ടിലും തെരച്ചിൽ ശക്തമാക്കിയിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും തൗഹീത് ജമാഅതിനു വേരുകളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ പരിശോധന തുടങ്ങിയത്.
ശ്രീലങ്കയിലെ നാഷണൽ തൗഹീദ് ജമാഅത്തിന്റെ തലവനാണ് സഹ്രാൻ ഹാഷിം. ഐഎസുമായി സഹകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയാണ് തൗഹീദ് ജമാഅത്ത്. കൊളംബോ ഷാങ് ഗ്രിലാ ഹോട്ടലിലെ സ്ഫോടനത്തിൽ ഹാഷിമും കൊല്ലപ്പെട്ടിരുന്നു. ഈസ്റ്റർ ദിനത്തിൽ, ശ്രീലങ്കയിൽ 359 പേരുടെ ജീവനെടുത്ത ചാവേർ സ്ഫോടന പരന്പരയുടെ കണ്ണികൾ തമിഴ്നാട് കേന്ദ്രമാക്കിയ തൗഹീദ് ജമാത്തിലേക്ക് നീണ്ടതോടെ, സംഘടനയുമായി ബന്ധമുള്ള ഏതാനും മലയാളികളും പൊലീസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ രണ്ടുവർഷമായി ഐഎസിന്റെ സ്ലീപ്പർ സെൽ പോലെ പ്രവർത്തിച്ചുവരികയാണ് തൗഹീദ് ജമാഅത്ത്.
ശ്രീലങ്കയിലെ സ്ഫോടനങ്ങൾക്ക് പിന്നിൽ തങ്ങളാണെന്ന് അവകാശപ്പെട്ട് കൊണ്ട് ഐഎസ് അറബിയിലും ഇംഗ്ലീഷിലും പുറമേ തമിഴിലും മലയാളത്തിലും വീഡിയോ ഇറക്കി പ്രചരിപ്പിച്ചിരുന്നു. തങ്ങളുടെ ശേഷിയെ കുറിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ യുവാക്കളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മലയാളത്തിലും, തമിഴിലും പ്രസ്താവന ഇറക്കിയതെന്നാണ് വിദേശ ഏജൻസികൾ വിലയിരുത്തിയത്.
മലബാർമേഖലയിൽ ചില ജില്ലകളിൽ ഐഎസിന്റെ പ്രവർത്തനം സജീവമാണെന്നാണ് ദേശീയ അന്വേഷണം ഏജൻസിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കേരളത്തിൽ അന്വേഷണം പുരോഗമിക്കുന്നത്. ശ്രീലങ്കയിലെ ഐസിസ് തീവ്രവാദിയുടെ ഫേസ് ബുക്ക് അക്കൗണ്ടിലെ പോസ്റ്റുകൾ തീവ്ര സ്വഭാവമുള്ള മലയാളികളും ആവേശത്തോടെ ഷെയർ ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.