കൊളംബോ: ഈസ്റ്റർ ഞായറാഴ്ച ശ്രീലങ്കയിലെ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ സ്ഫോടനങ്ങളിൽ മരിച്ചവരുടെ എണ്ണം 359 ആയെന്ന് ശ്രീലങ്കൻ പോലീസ്. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇന്നലെ വരെ മരണസംഖ്യ 321 ആണെന്നായിരുന്നു സ്ഥിരീകരണം. 500ൽ അധികം പേർക്ക് പരിക്കേറ്റു.
അതേ സമയം, ഭീകരാക്രമണം തടയാൻ പരാജയപ്പെട്ടതിന്റെ പേരിൽ പോലീസ്, സുരക്ഷാസേനകളുടെ തലവൻമാരെ 24 മണിക്കൂറിനകം നീക്കുമെന്നു പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രഖ്യാപിച്ചു. വിദേശരാജ്യത്തുനിന്നു ലഭിച്ച മുന്നറിയിപ്പു വിവരം തന്നെ അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദ സംഘടനയായ നാഷനൽ തൗഹീദ് ജമാഅത്ത് (എൻടിജെ) പള്ളികൾ അടക്കം ലക്ഷ്യമിട്ടു ഭീകരാക്രമണം നടത്തുമെന്നാണ് ഏപ്രിൽ 11ന് ഇന്റലിജൻസ് ഏജൻസി മേധാവി റിപ്പോർട്ട് നൽകിയത്. എന്നാൽ ഈ റിപ്പോർട്ട് കൈമാറിയില്ല. ഇന്ത്യൻ ഏജൻസികളും മുന്നറിയിപ്പു നൽകിയിരുന്നു.
ഭീകരാക്രമണം എൻടിജെ ഒറ്റയ്ക്കു നടത്തിയതാണെന്നു വിശ്വസിക്കുന്നില്ലെന്നും രാജ്യാന്തര ബന്ധങ്ങൾ അന്വേഷിക്കുന്നതായും ആരോഗ്യ മന്ത്രിയും സർക്കാർ വക്താവുമായ രജിത സേനരത്നെ പറഞ്ഞു. ഇരകൾക്ക് നഷ്ടപരിഹാരം നൽകുമെന്നും പള്ളികൾ പുനർനിർമിക്കുമെന്നും അദ്ദേഹം അറിയിച്ചു. കുടുംബങ്ങളോടും സ്ഥാപനങ്ങളോടും ഇക്കാര്യത്തിൽ സർക്കാർ ക്ഷമാപണം നടത്തുന്നതായും രജിത സേനരത്നെ പറഞ്ഞു.
ശ്രീലങ്കയിൽ ഭീകരാക്രമണം നടത്തിയവരുടേതെന്ന അവകാശവാദവുമായി എട്ടുപേരുടെ ഗ്രൂപ്പ്ഫോട്ടോ ഇന്നലെ ഐഎസ് പുറത്തുവിട്ടിരുന്നു. ആക്രമണത്തിനു കുറച്ചുമുന്പെടുത്ത ഫോട്ടോയാണിതെന്ന് ഐഎസിന്റെ അമാഖ് വാർത്താ ഏജൻസി പറഞ്ഞു.
ഇതിനിടെ നെഗംബോ പള്ളിയിൽ ആക്രമണം നടത്തിയ ചാവേറിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ലങ്കൻ പ്രാദേശിക ചാനൽ പുറത്തുവിട്ട വീഡിയോയിൽ നീല ടീ ഷർട്ടും കറുത്ത പാന്റ്സും ധരിച്ച യുവാവ് പുറത്തുബാഗുമായി പള്ളിക്കുള്ളിൽ കടക്കുന്നതു കാണാം. നിമിഷങ്ങൾക്കകം ഉഗ്രസ് ഫോടനവുമുണ്ടായി.