കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിൽ ഏർപ്പെടുത്തിയ സസ്പെൻഷൻ പിൻവലിച്ചു. രാഷ്ട്രീയ ഇടപെടൽ ആരോപിച്ച് നവംബറിലാണു ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ ഐസിസി സസ്പെൻഡ് ചെയ്തത്.
നിലവിൽ ഐസിസി അംഗം എന്ന നിലയിൽ ബോർഡിന്റെ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തുന്നതായും ഐസിസി വ്യക്തമാക്കി. ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ബോർഡിനെ സർക്കാർ പിരിച്ചുവിട്ടിരുന്നു.
തുടർന്ന്, ക്രിക്കറ്റ് ബോർഡുകളിൽ സർക്കാർ ഇടപെടൽ പാടില്ലെന്ന ചട്ടം ലംഘിച്ചെന്നു വ്യക്തമാക്കിയായിരുന്നു സസ്പെൻഷൻ. സസ്പെൻഷനു പിന്നാലെ ഐസിസി അണ്ടർ 19 പുരുഷ ലോകകപ്പ് വേദി ശ്രീലങ്കയിൽനിന്നു മാറ്റിയിരുന്നു.