തലശേരിയില്‍ ശ്രീലങ്കന്‍ യുവതിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ഗര്‍ഭഛിദ്രം നടത്തുകയും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും പണം വാങ്ങി തിരിച്ചു നല്‍കാതെ വഞ്ചിക്കുകയും ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വിദേശത്തേക്ക് കടന്ന മുഖ്യപ്രതിയെ വലയിലാക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കേസന്വേഷിക്കുന്ന ടൗണ്‍ സിഐ കെ.ഇ. പ്രേമചന്ദ്രന് രാഷ്ട്രദീപികയോട് പറഞ്ഞു.
ശ്രീലങ്കന്‍ സ്വദേശിനിയും കോയമ്പത്തൂരില്‍ സ്ഥിര താമസക്കാരിയുമായ മുപ്പത്തിയെട്ടുകാരിയുടെ പ്രരാതി പ്രകാരമാണ് കരിയാട് പള്ളിക്കുനിയിലെ റെനീഷ്(26), മാതാവ് നളിനി (49), സഹോദരി രേഷ്മ (30), ഭര്‍ത്താവ് കൊയിലാണ്ടി സ്വദേശി ബിബീഷ് (39) എന്നിവര്‍ക്കെതിരെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. യുവതിയെ പോലീസ് മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി.
376-ാം വകുപ്പ് പ്രകാരം ബലാത്സംഗം, 313 പ്രകാരം ഗര്‍ഭഛിദ്രം നടത്തല്‍, 406 പ്രകാരം പണം വാങ്ങി തിരിച്ചു നല്‍കാതെ വഞ്ചിക്കല്‍, 506 പ്രകാരം ഭീഷണിപ്പെടുത്തല്‍, അസഭ്യം പറഞ്ഞതിന് 294 ബി റെഡ് വിത്ത് 341 ഐപിസി എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. നളിനി, മകള്‍ രേഷ്മ, രേഷ്മയുടെ ഭര്‍ത്താവ് ബിബീഷ് എന്നിവര്‍ക്കാണ് ജില്ലാ കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. ഇവര്‍ക്കെതിരെ ഭീഷണിപ്പെടുത്തിയതിനും മാനസികമായി പീഡിപ്പിച്ചതിനുമാണ്കേ സെടുത്തിട്ടുള്ളത്.
ഭര്‍ത്താവിനെ വീണ്ടെടുത്ത് തരണമെന്നാവശ്യപ്പെട്ടാണ് ശ്രീലങ്കന്‍ സ്വദേശിനി ആദ്യം ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്. കോയമ്പത്തൂരില്‍ ജോലി ചെയ്തു കൊണ്ടിരുന്ന തന്നെ അവിടെ വെച്ച് പരിചയപ്പെട്ട റെനീഷുമായി പ്രണയത്തിലായതായും എന്നാല്‍ റെനീഷ് പിന്നീട് മുങ്ങിയതായും യുവതി ടൗണ്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ശ്രീലങ്ക സ്വദേശിനിയാണെന്നും മാതാപിതാക്കള്‍ വാഹനാപകടത്തില്‍ മരിച്ചു പോയതായും പിന്നീട് കോയമ്പത്തൂരിലെത്തി അവിടെ ജോലി ചെയ്ത് ജീവിച്ചു വരികയായിരുന്നുവെന്നും ഇതിനിടയിലാണ് റെനീഷുമായി പ്രണയത്തിലായതെന്നും യുവതി പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞു. പിന്നീട് യുവാവിനോടൊപ്പം തലശേരിയിലെത്തി റസ്റ്റ് ഹൗസിന് സമീപം താമസിച്ചു വരുന്നതിനിടയിലാണ് യുവാവ് യുവതിയെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്നത്.