പാകിസ്ഥാനിലെ സിയാല്‍കോട്ടില്‍ ശ്രീലങ്കന്‍ പൗരനായ യുവാവിനെ മതനിന്ദക്കുറ്റം ആരോപിച്ച് കൊന്നുകളഞ്ഞ് ആള്‍ക്കൂട്ടം.
പോലീസ് സ്ഥലത്ത് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
സിയാല്‍കോട്ടിലെ വസീറാബാദ് റോഡിലാണ് സംഭവം നടന്നതെന്നാണ് ഡോണ്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒരു സ്വകാര്യ ഫാക്ടറിയിലെ തൊഴിലാളികള്‍ ഫാക്ടറിയുടെ എക്സ്പോര്‍ട്ട് മാനേജരെ ആക്രമിക്കുകയും ജീവനോടെ കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ശ്രീലങ്കന്‍ പൗരനായ പ്രിയന്ത കുമാരയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടതെന്ന് സിയാല്‍കോട്ട് ജില്ലാ പോലീസ് ഓഫീസര്‍ ഉമര്‍ സയീദ് മാലിക് പറഞ്ഞു.
40 വയസ്സുള്ള പ്രിയന്ത കുമാര, ഖുറാന്‍ വാക്യങ്ങള്‍ ആലേഖനം ചെയ്ത പോസ്റ്റര്‍ കീറി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
‘ഖുര്‍ആന്‍ വാക്യങ്ങള്‍ ആലേഖനം ചെയ്ത പോസ്റ്റര്‍ കീറി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞുവെന്നായിരുന്നു ആരോപണം.
കുമാരയുടെ ഓഫീസിനോട് ചേര്‍ന്നുള്ള ചുവരില്‍ തെഹ്‌രീക് ഇ ലബ്ബായിക് എന്ന ഇസ്ലാമിസ്റ്റ് പാര്‍ട്ടിയാണ് ഈ പോസ്റ്റര്‍ ഒട്ടിച്ചത്. എന്നാല്‍ ചുവരില്‍ നിന്നും കുമാര പോസ്റ്റര്‍ വലിച്ചു കീറി കളയുകയായിരുന്നു.
ഇക്കാര്യം കണ്ട രണ്ട് തൊഴിലാളികള്‍ മറ്റുള്ളവരെ അറിയിക്കുകയായിരുന്നെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തെ ഭീകരമായ ആക്രമണമെന്നാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വിശേഷിപ്പിച്ചത്, അറസ്റ്റ് പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”സിയാല്‍കോട്ടിലെ ഫാക്ടറിക്ക് നേരെയുണ്ടായ ഭീകരമായ വിജിലന്റ് ആക്രമണവും ശ്രീലങ്കന്‍ മാനേജരെ ജീവനോടെ കത്തിച്ച സംഭവവും പാകിസ്ഥാന് നാണക്കേടിന്റെ ദിവസമാണ്. ഞാന്‍ അന്വേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു, തെറ്റ് ചെയ്യാതിരിക്കട്ടെ”യെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഉത്തരവാദികളായ എല്ലാവരെയും നിയമപരമായി ശിക്ഷിക്കുമെന്നും അറസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇമ്രാന്റെ ട്വീറ്റില്‍ പറയുന്നു.
പാകിസ്ഥാനിലെ അതിതീവ്രസംഘടനയായ തെഹ്റീക് ഇ ലബ്ബായിക് പാകിസ്താന് (ടിഎല്‍പി) മുന്നില്‍ ഇമ്രാന്‍ സര്‍ക്കാര്‍ തന്നെ അടിയറവ് പറഞ്ഞ സ്ഥിതിയാണ്.
ജയിലിലായിരുന്ന ടിഎല്‍പി നേതാവ് സാദ് റിസ്‌വിയെ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ ഇമ്രാന്‍ സര്‍ക്കാരിന് വെറുതേ വിടേണ്ടിവന്നു. റിസ് വിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഴ്ചകളോളം അക്രമാസ്‌കത സമരമായിരുന്നു ടിഎല്‍പി പാകിസ്ഥാനില്‍ അഴിച്ചുവിട്ടത്.
ഒടുവില്‍ ഇമ്രാന്‍ സര്‍ക്കാരിന് വഴങ്ങേണ്ടി വന്നു. ഇസ്ലാമിനെതിരായ മതനിന്ദ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സീനിയര്‍ റിസ് വിയാണ് ടിഎല്‍പിയ്ക്ക് രൂപം നല്‍കിയത്.
ഇദ്ദേഹത്തിന്റെ മരണവാര്‍ഷിക ദിനം വലിയ പരിപാടികളോടെയാണ് ടിഎല്‍പി കൊണ്ടാടുന്നത്. പാകിസ്ഥാനെ നിശ്ചലമാക്കിയ ഒട്ടേറെ സമരങ്ങളാണ് ടിഎല്‍പി ഇതിനകം നടത്തിയത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നബിയ്ക്കെതിരായ കാര്‍ട്ടൂണ്‍ വരച്ചതിന് ഇസ്ലാമിക തീവ്രവാദി കഴുത്തറുത്തുകൊന്ന് ഫ്രഞ്ച് അധ്യാപകനെ പുകഴ്ത്തിയ സംഭവത്തില്‍ ടിഎല്‍പി പാകിസ്ഥാനെ ഒന്നടങ്കം സ്തംഭിപ്പിച്ചിരുന്നു.