രാജാക്കാട്: ഹൈറേഞ്ചിന്റെ ടൂറിസം വികസനത്തിന് പുത്തനുണർവേകി ശ്രീനാരായണപുരത്ത് ഒരുകോടി രൂപയുടെ വികസനപദ്ധതിക്ക് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിൽ അംഗീകാരം നൽകി. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ജില്ലയിലെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രമായി ശ്രീനാരായണപുരം മാറും.
മൂന്നാറിനും രാജാക്കാടിനുമിടയിൽ മുതിരപ്പുഴയാറിൽ സ്ഥിതിചെയ്യുന്ന അഞ്ചു വെള്ളച്ചാട്ടങ്ങളെ കൂട്ടിയിണക്കി നടപ്പിലാക്കിയിരിക്കുന്ന ശ്രീനാരായണപുരം റിപ്പിൾ വാട്ടർ ഫാൾസ് ടൂറിസം പദ്ധതി ഇന്ന് സന്ദർശകർ ഏറ്റവും കൂടുതലെത്തുന്ന കേന്ദ്രമായി മാറിയിട്ടുണ്ട്.
തുച്ഛമായ തുകമാത്രം പ്രവേശനഫീസായി ഈടാക്കി സന്ദർശനം അനുവദിക്കുന്ന ശ്രീനാരായണപുരത്ത് കഴിഞ്ഞ സീസണിൽമാത്രം സന്ദർശനം നടത്തിയത് ഒന്നരലക്ഷത്തോളം വിനോദസഞ്ചാരികളാണ്.
സഞ്ചാരികളുടെ കടന്നുവരവ് വർധിക്കുന്പോഴും അടിസ്ഥാനസൗകര്യങ്ങളുടെ പോരായ്മ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്.
ഈ സാഹചര്യത്തിലാണ് ഡിടിപിസി സന്ദർശകർക്കുവേണ്ട അടിസ്ഥാന സൗകര്യവും സുരക്ഷാസംവിധാനവും ഒരുക്കുന്നതിന് ഒരുകോടി രൂപ അനുവദിച്ചിരിക്കുന്നത്.
ആധുനിക സൗകര്യങ്ങളോടുകൂടിയ ശൗചാലയം, വെള്ളച്ചാട്ടം അടുത്തുനിന്ന് കാണുന്നതിനായി വെള്ളത്തിനു മുകളിലൂടെ മേൽപാലം, സഞ്ചാരികൾക്ക് പുഴയിൽ കുളിക്കുന്നതിനുള്ള സൗകര്യം, പവലിയൻ തുടങ്ങിയ സംവിധാനങ്ങൾ പദ്ധതിയുടെ ഭാഗമായി നിർമിക്കുമെന്നും നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ജില്ലയിലെ മികച്ച രീതിയിലുള്ള എല്ലാവിധ സൗകര്യങ്ങളുമുള്ള ടൂറിസം കേന്ദ്രമായി ശ്രീനാരായണപുരം മാറുമെന്നും ഡിടിപിസി അധികൃതർ അവകാശപ്പെടുന്നു.
നിലവിൽ മറ്റു മേഖലയിൽ കടുത്ത വരൾച്ചയിൽ ജലസ്രോതസുകൾ വറ്റിവരണ്ടതോടെ വെള്ളച്ചാട്ടങ്ങൾ എല്ലാംതന്നെ അപ്രത്യക്ഷമായ അവസ്ഥയാണ്. എന്നാൽ വൈദ്യുതി ഉൽപാദനത്തിന്റെ ഭാഗമായി മാട്ടുപ്പെട്ടി അണക്കെട്ട് തുറന്നുവിട്ടിരിക്കുന്നതിനാൽ മുതിരപ്പുഴ ജലസമൃദ്ധമായി വെള്ളച്ചാട്ടങ്ങളും സജീവമാണ്. അതുകൊണ്ടുതന്നെ അവധി ആഘോഷിക്കുവാനെത്തുന്ന സഞ്ചാരികളുടെ തിരക്കും വർധിച്ചിട്ടുണ്ട്.