തമിഴ്‌നാട് രാഷ്ട്രീയത്തിലെ പുതിയ വഴിത്തിരിവാണ് സ്‌റ്റൈല്‍ മന്നന്‍ രജനി കാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ടാണ് രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്. എന്നാല്‍ രജനിയ്ക്ക് രാഷ്ട്രീയം പറ്റുന്നതല്ലെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തും സഹപാഠിയും സംവിധായകനും നടനുമായ ശ്രീനിവാസന്‍ പറയുന്നത്.
നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രജനിയെക്കുറിച്ച് സംസാരിച്ചത്. ആള്‍ക്കാര്‍ നിര്‍ബന്ധിക്കുമെങ്കിലും അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ വരാന്‍ പറ്റില്ല. എനിക്ക് പറ്റിയതാണോ രാഷ്ട്രീയം എന്ന് അദ്ദേഹം സ്വയം ചിന്തിക്കുമല്ലോ. രാഷ്ട്രീയത്തില്‍ ജയിച്ചു കയറണമെങ്കില്‍ ചില്ലറ അഭ്യാസമുറകളൊന്നും പോരാ. അദ്ദേഹത്തിന് രാഷ്ട്രീയം പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അത്രയ്ക്ക് നിഷ്‌കളങ്കനാണ് അദ്ദേഹം. എന്നായിരുന്നു ശ്രീനിവാസന്റെ വാക്കുകള്‍. രജനി തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു ശ്രീനിവാസന്റെ അഭിമുഖം എന്നതും ശ്രദ്ധേയമാണ്.
ദരിദ്രജീവിതം നയിച്ചുകൊണ്ടിരുന്ന കാലത്ത് ഒപ്പമുണ്ടായിരുന്ന ആളുകള്‍ എന്നാല്‍ ഭയങ്കര വികാരമാണ് പുള്ളിക്ക്. അന്ന് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവര്‍ക്കൊന്നും സിനിമയില്‍ കയറിപറ്റാനൊന്നും സാധിച്ചിട്ടില്ല. പലരും അദ്ദേഹത്തിന്റെ സിനിമാ തിയേറ്ററും കല്യാണ മണ്ഡപവുമൊക്കെ നോക്കി നടത്തുകയാണ്. പുതുവര്‍ഷ ദിനത്തിലാണ് രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ശ്രീനിവാസന്റെ കണക്കുകൂട്ടലും അഭിപ്രായവും തെറ്റിച്ചുകൊണ്ടായിരുന്നു അതെന്നതും ശ്രദ്ധേയമാണ്.