വി.ശ്രീകാന്ത്
എല്ലാം മറക്കാനുള്ള മുത്തമായിരുന്നു അന്ന് ഒരു വേദിയിൽവെച്ച് ദാസൻ(മോഹൻലാൽ) വിജയന് (ശ്രീനിവാസൻ) നൽകിയത്. ഒറ്റ നിമിഷം കൊണ്ട് ഒരുപിടി പിണക്കങ്ങൾ ഒരുമിച്ച് ഇല്ലാതായത് പോലെ അവർ പരസ്പരം ചിരിക്കുകയും ചെയ്തു.
ഇതൊക്കെ നേരിട്ട് കണ്ടവരും സോഷ്യൽ മീഡിയയിലൂടെ ആസ്വദിച്ചവരുമെല്ലാം ദാസനും വിജയനും വീണ്ടും ഒന്നിച്ചുവെന്ന് വാഴ്ത്തിപ്പാടി. എന്നാൽ ഏറെ പ്രശംസിപ്പിക്കപ്പെട്ട ആ “ഉമ്മ’യ്ക്ക് ശേഷം എങ്ങനെ ദാസനെ(മോഹൻലാലിനെ) വലിച്ചു കീറാമെന്ന നാടകം വീണ്ടും തുടങ്ങി കഴിഞ്ഞിരിക്കുന്നു.
അടുത്തിടെ ശ്രീനിവാസൻ നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിനെ ശ്രീനിവാസൻ അടിമുടി വിമർശന ശരങ്ങൾ കൊണ്ട് വീർപ്പുമുട്ടിച്ചത്.
പ്രേംനസീർ മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്നും ഇക്കാര്യം മോഹൻലാലിനെ അറിയിച്ചപ്പോൾ അതിനെ അവഗണിച്ച് സംസാരിച്ചുവെന്നും ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
ശരിക്കും ഇവർ തമ്മിലുള്ള പ്രശ്നം എന്താണെന്ന് ആർക്കും അങ്ങോട്ട് ശരിക്കും പിടികിട്ടുന്നില്ല. പക്ഷേ എന്തോ ഒന്ന് ശ്രീനിവാസന്റെ ഉള്ളിൽ കിടന്ന് തിളച്ച് മറിയുന്നുണ്ട്.
അതിന്റെ മൂർത്തി ഭാവം പുസ്തക രൂപത്തിൽ പുറത്തുവരുമോയെന്നാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അങ്ങനെയൊന്ന് പുറത്തിറങ്ങിയാൽ ചൂടപ്പം പോലെ അത് വിറ്റു പോകുമെന്ന കാര്യത്തിൽ സംശയം വേണ്ട.
ദാസന്റെ സംയമനം
സിനിമയിലെ പോലെ വിജയനൊന്ന് ചൂടാകുന്പോൾ ബീകോം ഫസ്റ്റ് ക്ലാസായ ദാസൻ ഇത്തിരി സംയമനം പാലിച്ച് വിജയനെ തണുപ്പിക്കാറാണ് പതിവ്. തിരിച്ചും അങ്ങനെ ചെയ്യാറില്ലെന്നല്ല.
എന്നാലും ദാസനാണ് തണുപ്പിക്കാനാള് മിടുക്കൻ. ജീവിതത്തിലും ഏകദേശം അതുപോലെ തന്നെയാണ്. ശ്രീനിവാസനെക്കുറിച്ച് മാധ്യമപ്രവർത്തകർ എന്ത് ചോദിച്ചാലും മോഹൻലാൽ സംയമനത്തോടെയുള്ള ഉത്തരമേ നൽകാറുള്ളു.
പൊട്ടിത്തെറിക്കാറില്ല. ഇതുവരെയും അങ്ങനെ തന്നെയാണ് തുടർന്ന് പോയിരിക്കുന്നത്. പ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ ഊതിപ്പെരുപ്പിക്കണ്ടായെന്ന് കരുതിയിട്ടാവാം അത്.
വിജയന്റെ പൊട്ടിത്തെറി
വിജയന്റെ പൊട്ടിത്തെറികൾ കാണുന്നആർക്കും ദാസൻ ജീവിതത്തിലും അഭിനയിക്കുകയാണോ എന്നുള്ള സംശയം ഉണ്ടാകാം.
ശ്രീനിവാസൻ മോഹൻലാലിനെ കടന്ന് ആക്രമിക്കുന്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ അതുപോലെ ഉള്ളവയാണ് . മോഹൻലാലിനെ കുറിച്ച് പറയുന്പോൾ മാത്രം നീരസവും അമർഷവും അങ്ങ് ആളിക്കത്തുന്നത് പോലെ.
ഇല്ലായെങ്കിൽ രോഗക്കിടക്കയിൽനിന്ന് എഴുന്നേറ്റപ്പോൾ വീണ്ടും മോഹൻലാലിന്റെ നേർക്ക് കടുത്ത ആരോപണങ്ങളും വെളിപ്പെടുത്തലുമായി വരില്ലല്ലോ.
ഒന്നും തീർന്നിട്ടില്ല ബാക്കി പുറകെ വരാൻ കിടക്കുന്നതെയുള്ളുവെന്നാണ് ശ്രീനിവാസന്റെ അഭിമുഖം കണ്ടയേവരുടെയും അഭിപ്രായം.
ഇതിനൊരു അവസാനം ഇല്ലേ
‘ദാസനും വിജയനും’ ഇന്നും പ്രേക്ഷകരെ മടുപ്പിക്കുന്നില്ല. എല്ലാം മറന്ന് ഇവർ ഒത്തിണങ്ങണമെന്നാണ് ഏതൊരു ആസ്വാദകനും ആഗ്രഹിക്കുന്നത്.
ഉദയനാണ് താരത്തിന് ശേഷമെത്തിയ പത്മശ്രീ ഭരത് ഡോ. സരോജ് കുമാറിൽ ഒരു നടനെ താറടിച്ച് കാണിക്കാവുന്നതിന്റെ അങ്ങേയറ്റത്തോളം ശ്രീനിവാസൻ ആ സിനിമയിൽ അഴിഞ്ഞാടിയെന്ന ആരോപണങ്ങളും അന്ന് ഉയർന്നിരുന്നു.
അന്ന് മുതൽ തുടങ്ങിയ പോര് ഇന്ന് ഇപ്പോഴും തുടരുകയാണോ അദ്ദേഹമെന്ന സംശയവും ബാക്കി. അകത്തു കിടക്കുന്ന പകയുടെ തീ ശമിപ്പിക്കാനുള്ള മരുന്നു മനസിന് മാത്രമേ നൽകാൻ കഴിയൂ.
എല്ലാം മറക്കാമെന്നുള്ള ഭാവം ദാസൻ ഇനിയും ആവർത്തിക്കുമോയെന്നാണു പ്രേക്ഷകർ ഉറ്റു നോക്കുന്നത്. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്നല്ലേ കാത്തിരിക്കാം ആ സമയത്തിനായി.