തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊന്ന കേസിൽ കാർ ഓടിച്ചിരുന്നത് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനാണെന്ന് തെളിഞ്ഞു. ഫോറൻസിക് പരിശോധനയിലാണ് ശ്രീറാമാണ് കാർ ഓടിച്ചതെന്ന് തെളിഞ്ഞത്. ഡ്രൈവിംഗ് സീറ്റിലെ സീറ്റ് ബെൽറ്റിൽ നിന്ന് ശ്രീറാമിൻറെ വിരലടയാളം ലഭിച്ചതോടെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണമായത്. ശ്രീറാം മദ്യപിച്ചെന്ന് തെളിയിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടിരുന്നു.
നേരത്തെ ശ്രീറാമിൻറെ ലൈസൻസ് മോട്ടോർവാഹനവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ. നിശ്ചിതസമയം കഴിഞ്ഞിട്ടും കാരണം കാണിക്കൽ നോട്ടീസിന് ശ്രീറാം മറുപടി നൽകാതിരുന്ന സാഹചര്യത്തിലാണ് സസ്പെൻഷനെന്ന് ഉത്തരവിൽ പറയുന്നു.