തിരുവനന്തപുരം: തലസ്ഥാനത്ത് മാധ്യമപ്രവര്ത്തകൻ കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി- മൂന്നാണ് ജാമ്യം അനുവദിച്ചത്. ശ്രീറാം മിടുക്കനായ ഐഎഎസ് ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തിനെതിരെ മാധ്യമ വിചാരണ നടക്കുകയാണെന്നും ശ്രീറാമിനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.
എന്നാൽ, സമൂഹത്തിന് മാതൃയാകേണ്ട ഉദ്യോഗസ്ഥനിൽ നിന്ന് ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും ശ്രീറാം കുറ്റക്കാരനാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ, പ്രോസിക്യൂഷൻ വാദങ്ങൾ ആകെ തള്ളിയാണ് കോടതി ശ്രീറാമിന് ജാമ്യം അനുവദിച്ചത്.
നേരത്തെ, ശ്രീറാമിനെ തെളിവ് ശേഖരണത്തിനായി കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ ആവശ്യവും കോടതി തള്ളിയിരുന്നു. ഒപ്പം, ശ്രീറാമിന്റെ രക്തപരിശോധാഫലം ഹാജരാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. പ്രതി മദ്യപിച്ചിട്ടുണ്ടെന്ന് എങ്ങനെ കണ്ടെത്തിയെന്നും കോടതി ആരാഞ്ഞിരുന്നു.
ഉച്ചയ്ക്ക് ശേഷം വീണ്ടും കേസ് പരിഗണിച്ചപ്പോൾ സംഭവവുമായി ബന്ധപ്പെട്ട കേസ് ഡയറിയും പോലീസ് ഹാജരാക്കിയിരുന്നു. ഇതിനൊപ്പം മാധ്യമ പ്രവർത്തകന്റെ ബൈക്കിന്റെയും ഇടിച്ച കാറിന്റെയും അവശിഷ്ടങ്ങളും പോലീസ് കോടിതിയിൽ ഹാജരാക്കിയിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് തിങ്കളാഴ്ച മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. ഇതേതുടർന്ന് അദ്ദേഹത്തെ ട്രോമ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 72 മണിക്കൂറിനു ശേഷമേ ശ്രീറാമിനെ ഇവിടെ നിന്ന് മാറ്റുകയുള്ളുവെന്നാണ് വിവരം.