ന്യൂഡൽഹി: ഐപിഎൽ വാതുവയ്പുകേസിൽ ഡൽഹി പോലീസിനും ബിസിസിഐയ്ക്കുമെതിരേ ആരോപണങ്ങളുമായി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരി. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത തുറന്ന കത്തിലാണു ഭുവനേശ്വരി ആരോപണങ്ങൾക്കു മറുപടി നൽകുന്നത്. കേവലം 10 ലക്ഷം രൂപയ്ക്ക് തന്റെ കരിയർ ഇല്ലാതാക്കാൻ ശ്രീശാന്ത് മുതിരുമോ എന്ന് ഭുവനേശ്വരി ചോദിക്കുന്നു.
രാജ്യത്തെ നടുക്കിയ നിർഭയ കേസുമായി ബന്ധപ്പെട്ടു രാജിക്കുള്ള സമ്മർദം ശക്തമായതോടെ ശ്രദ്ധ തിരിച്ചുവിടാൻ ഡൽഹിയിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ കെട്ടച്ചമച്ചതാണു വാതുവയ്പ് കേസെന്നാണ് ഭുവനേശ്വരി കത്തിൽ ആരോപിക്കുന്നത്. കേസിലെ വീഴ്ചകൾ മറയ്ക്കാൻ ശ്രീശാന്തിനെ ബലിയാടാക്കുകയായിരുന്നെന്ന് ആരോപിക്കുന്ന ഭുവനേശ്വരി, ശ്രീശാന്ത് പണം വാങ്ങി റണ്‍സ് വിട്ടു കൊടുത്തു എന്നു പറയുന്ന ഓവറിൽ അദ്ദേഹമെറിഞ്ഞ പന്തുകൾ നല്ലതായിരുന്നുവെന്നു കമന്ററികളിൽ വ്യക്തമായിരുന്നെന്നും ചൂണ്ടിക്കാട്ടുന്നു.
വാതുവയ്പുകാരനിൽനിന്നു 10 ലക്ഷം രൂപ വാങ്ങി ശ്രീശാന്ത് ഒരു ഓവറിൽ 14 റണ്‍സ് വിട്ടുകൊടുക്കുകയും വെളുത്ത ടവ്വൽ ധരിച്ച് സൂചന നൽകുകയും ചെയ്തുവെന്നായിരുന്നു ഡൽഹി പോലീസിന്റെ ആരോപണം. ശ്രീശാന്തിനും കേസിലെ മറ്റു രണ്ടു പ്രതികളായ അങ്കിത് ചവാനും അജിത് ചാന്ദിലയ്ക്കും ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയെങ്കിലും കേസിൽ നിരപരാധിയാണെന്നു കണ്ട് ശ്രീശാന്തിനെ കോടതി വെറുതെവിട്ടു. പക്ഷെ ബിസിസിഐ ഇതുവരേയും വിലക്ക് നീക്കിയിട്ടില്ല.
കേസിന്റെ ഒരുഘട്ടത്തിൽ താൻ ജീവനൊടുക്കുന്നതിനെ കുറിച്ചു ചിന്തിച്ചിരുന്നതായും താൻ ചെയ്യാത്ത കാര്യത്തിനാണു തന്റെ കരിയർ അവസാനിച്ചതെന്നും കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിൽ ശ്രീശാന്ത് പറഞ്ഞിരുന്നു.