ബല്ലിയ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനകീയതയിൽ വിറളി പൂണ്ട കോണ്ഗ്രസ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഉത്തർപ്രദേശിലെ ബല്ലിയയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു സ്മൃതിയുടെ പരാമർശം. മലിനമായ എസ്പി-ബിഎസ്പി കൂട്ടുകെട്ടിനെ അകറ്റിനിർത്തണമെന്നും സ്മൃതി പ്രവർത്തകരോട് അഭ്യർഥിച്ചു.
രാഹുൽ ഗാന്ധിയുടെ സഹോദരീ ഭർത്താവ് റോബർട്ട് വദ്രയ്ക്കു നേരെയും സ്മൃതി വിമർശനങ്ങൾ ഉന്നയിച്ചു. വദ്ര കോടതി വരെ എത്തിയെന്നും ഉടൻ അഴിക്കുള്ളിലാകുമെന്നും അവർ പറഞ്ഞു. അഞ്ചു വർഷത്തിലൊരിക്കൽ ജനങ്ങളെ കാണാനെത്തുന്നവർക്ക് ഇനി ഇറ്റലിക്കു പോകാമെന്നും രാഹുൽ ഗാന്ധിയെ പരിഹസിച്ച് സ്മൃതി പറഞ്ഞു.
എസ്പി-ബിഎസ്പി മഹാസഖ്യത്തിനു നേരെയും അവർ വിമർശനമുയർത്തി. മുന്പ് ബദ്ധവൈരികളായിരുന്നവർ ഇപ്പോൾ കൂട്ടുചേർന്നു രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും ആ വനിതാ നേതാവ് (മായാവതി) അവരുടെ അപമാനം മറന്നിരിക്കുന്നുവെന്നും സ്മൃതി പറഞ്ഞു.