രണ്ടാമൂഴത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് തെന്നിന്ത്യൻ സൂപ്പർ താരം ശ്രീയ ശരണ്‍. ആറാമത് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുമായി ബന്ധപ്പെട്ട് അബുദാബിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശ്രീയ. കേരളത്തെയും അവിടത്തെ സംസ്കാരവും ഏറെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും മലയാളഭാഷയ്ക്കു മുന്നിൽ തെന്നിന്ത്യൻ താരസുന്ദരി ഒരു നിമിഷം തലകുനിച്ച് കൈകൂപ്പി.
മലയാളത്തെപ്പോലെ പഠിച്ചെടുക്കാൻ ബുദ്ധിമുട്ടുള്ള മറ്റൊരു ഭാഷയില്ലെന്ന് താരസുന്ദരി പറഞ്ഞു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര മാമാങ്കങ്ങളിൽ ഒന്നായ ആറാമത് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സ് വാർത്താസമ്മേളന വേദിയിൽ ബാഹുബലിയിലെ വില്ലനായി തകർത്ത റാണ ദഗുപതി, തമിഴ് നടൻ ജയം രവി, സംവിധായകൻ വിജയ് തുടങ്ങിയർ പങ്കെടുത്തു.
അബുദാബി വിനോദസഞ്ചാര സാംസ്കാരികവകുപ്പിന്റെ സഹകരണത്തോടെ ജൂണ്‍ മുപ്പതിനും ജൂലായ് ഒന്നിനുമാണ് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്നിശ. അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിലാണ് പരിപാടി.