ന്യൂഡല്‍ഹി :ബംഗളൂരു സംഭവത്തോട് രൂക്ഷമായി പ്രതികരിച്ച് നിരവധി സിനിമാതാരങ്ങളാണ് രംഗത്തുവന്നത്. ഏറ്റവും അവസാനമായി ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞത് ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനാണ്. അക്ഷയ്കുമാര്‍ ,അനുഷ്ക ശര്‍മ്മ ,ശേഖര്‍ കപൂര്‍, ഫര്ഹാന് അക്തര്‍, മലൈക അറോറ തുടങ്ങിയവര്‍ മുമ്പ് ഇക്കാര്യത്തില്‍ തങ്ങളുടെ പ്രതികരണമറിയിച്ചിരുന്നു. ഈ ലോകത്തെ ഓരോ പെണ്‍കുട്ടിയെയും ഞാനെന്റെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നും ഈ ലോകത്ത് സ്ത്രീകള്‍ ഇല്ലെങ്കില്‍ നമ്മളുമില്ല എന്ന് ഓരോരുത്തരും മനസ്സിലാക്കണമെന്നും കിംഗ് ഖാന് പറഞ്ഞു.
സ്ത്രീകള്‍ ജോലിചെയ്യുന്നവരോ വീട്ടമ്മമാരോ ആയിക്കൊള്ളട്ടെ അവരെ ബഹുമാനിക്കണം. ഈ സമൂഹത്തിലെ ഓരോ മാതാപിതാക്കളും സ്ത്രീകളെ ബഹുമാനിക്കേണ്ടതെങ്ങനെയെന്ന് അവരുടെ ആണ്മക്കളെ പഠിപ്പിക്കുവാന്‍ ബാധ്യസ്ഥരാണെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു. പുതുവര്‍ഷ രാവില്‍ ബംഗളൂരുവില്‍ സ്ത്രീകള്‍ അപമാനിക്കപ്പെട്ടതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.