മലയാള സിനിമയില്‍ കാസ്റ്റിംഗ് കൊച്ച് ഉണ്ടെന്ന് വെളിപ്പെടുത്തി നിരവധി നടിമാര്‍ രംഗത്തെത്തിയിരുന്നു. സിനിമയില്‍ അഭിനയിക്കണമെന്നുണ്ടെങ്കില്‍ പ്രമുഖ സംവിധായകര്‍ക്കോ നടന്മാര്ക്കോ ഒപ്പം കിടക്ക പങ്കിടേണ്ടി വരുമെന്നാണ് അവര്‍ വെളിപ്പെടുത്തിയത്. നടിമാര്‍ മോശക്കാരാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിടേണ്ടി വരുമെന്ന് നടനും എംപിയുമായ ഇന്നസെന്റും വ്യക്തമാക്കിയിരുന്നു. യുവതാരം ദുല്‍ഖര്‍ സല്മാന് ചിത്രത്തിലെ നായികയാണ് ഇപ്പോള്‍ സമാനമായ ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്നസെന്റ് പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി അവസരങ്ങള്‍ക്ക് വേണ്ടി സ്ത്രീകളെ മനപ്പൂര്‍വ്വം ഇരയാക്കുകയാണ് ചെയ്യുന്നതെന്നാണ് യുവനടി ശ്രുതി ഹരിഹരന് വെളിപ്പെടുത്തുന്നത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്കി നടിമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്ന രീതി ഇപ്പോഴും നിലനില്‍ക്കുന്നതായി ശ്രുതി ഹരിഹരന് വെളിപ്പെടുത്തുന്നു.
പുതുതായി സിനിമയിലെത്തുന്ന നടിമാരാണ് ഇത്തരത്തില്‍ ചൂഷണത്തിന് ഇരയാക്കപ്പെടുന്നത്. കാസ്റ്റിംഗ് കൗച്ച് മലയാള സിനിമയില്‍ ഉണ്ടെന്നുള്ളത് നേരത്തെ തന്നെ പരസ്യമായ രഹസ്യമാണ്. എന്നാല്‍ ഇത്രയും തുറന്ന്പറച്ചിലുകള്‍ ഉണ്ടാകുന്നതും വിപുലമായി ചര്‍ച്ച ചെയ്യപ്പെടുന്നതും കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ്. പുതുമുഖ നടിമാരെ സംവിധായകരും നിര്‍മ്മാതാക്കളും ഇത്തരത്തില്‍ പ്രലോഭിപ്പിക്കാറുണ്ടെന്ന് ശ്രുതിയും വെളിപ്പെടുത്തുന്നു. കാസ്റ്റിംഗ് കൗച്ച് എന്നത് കഥയല്ല. അത് വലിയൊരു ക്രിമിനല്‍ കുറ്റമാണെന്നും ശ്രുതി പറയുന്നു. പല നടിമാരും ഇത്തരം ചൂഷണങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നുണ്ടെങ്കിലും വളരെ കുറച്ച് പേര് മാത്രമാണ് പരാതിപ്പെടാന്‍ തയ്യാറാകുന്നത്. സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് തുടരുന്നത് ഇരയാക്കപ്പെടുന്നവര്‍ മിണ്ടാതിരിക്കുന്നത് കൊണ്ടാണ്. അടുത്തിടെ മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത് നടി പാര്‍വ്വതി ആയിരുന്നു. നടന്മാരടക്കം പലരും ഒരവകാശം പോലെ കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാര്‍വ്വതി വെളിപ്പെടുത്തിയത് സിനിമാലോകത്തിനകത്തും പുറത്തും വലിയ ചര്‍ച്ച ആയിരുന്നു.