സിജോ പൈനാടത്ത്
കൊച്ചി: തന്റെ ഹൃദയത്തുടിപ്പുകളുടെ ഈണത്തിൽ ശ്രുതി എന്ന പെണ്കുട്ടി ഇന്നൊരു ചരിത്രം കുറിക്കും. രണ്ടാമത്തെ ഹൃദയവുമായി അഞ്ചു വർഷം സാധാരണ ജീവിതം നയിച്ചതിന്റെ അതുല്യചരിത്രം.
കേരളത്തിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം കൂടുതൽ കാലം ജീവിക്കുന്ന വ്യക്തിയെന്ന അപൂർവനേട്ടത്തിന്റെ തിളക്കമാണു മൂവാറ്റുപുഴ ആരക്കുന്നം കടപ്പുറത്തു ശശീന്ദ്രന്റെയും ശാന്തയുടെയും മകൾ ശ്രുതി (27) സ്വന്തമാക്കുന്നത്.
എറണാകുളം ലിസി ആശുപത്രിയിൽ ശ്രുതിയുടെ വിജയകരമായ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ട് ഇന്ന് അഞ്ചു വർഷം തികയുന്നു. അവയവദാനത്തെക്കുറിച്ചും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളെക്കുറിച്ചുമുള്ള തെറ്റിദ്ധാരണകൾ കൂടിയാണ് ശ്രുതി തന്റെ പുതുജീവിതം കൊണ്ടു തിരുത്തിയെഴുതുന്നത്.
ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാർഡിയോ മയോപ്പതിയെത്തുടർന്ന് 2013 ഓഗസ്റ്റ് 13നാണു ശ്രുതിയുടെ ഹൃദയം മാറ്റിവച്ചത്. അപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച കോട്ടയം വാഴപ്പിള്ളി തൈപ്പറന്പിൽ ജോസഫ് മാത്യുവിന്റെ (ലാലിച്ചൻ- 43) ഹൃദയമാണു ശ്രുതിയിൽ പുതുജീവിതത്തിന്റെ സ്പന്ദനമായത്. രക്തധമനികളെ ബാധിക്കുന്ന ടക്കയാസു രോഗവും വൃക്കയുടെ തകരാറും ശ്രുതിയെ അലട്ടിയിരുന്നു.
സങ്കീർണമായ രോഗാവസ്ഥയിൽ ഹൃദയചികിത്സാ വിദഗ്ധനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശ്രുതിയുടെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. നിത്യവും ജോലി ചെയ്തും സാധാരണ ഭക്ഷണം കഴിച്ചും ബസുകളിൽ യാത്ര ചെയ്തും ശ്രുതിക്ക് ഇപ്പോൾ ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതം.
ലാബ് ടെക്നീഷനായ ശ്രുതി സ്വകാര്യ ലാബിലാണു ജോലി ചെയ്യുന്നത്. ശ്രുതിക്കു ശേഷം ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയരായ ചാലക്കുടി സ്വദേശി മാത്യു ആച്ചാടൻ, ഗിരീഷ്, ജോസഫ് തുടങ്ങി നിരവധി പേർ ഇന്നു സന്തുഷ്ട ജീവിതം നയിക്കുന്നു.
ഗിരീഷിൽ ഇപ്പോൾ സ്പന്ദിക്കുന്നതു മൂന്നാമത്തെ ഹൃദയമാണ്. ഹൃദയം മാറ്റിവച്ചവരെ കാണാനും ആത്മവിശ്വാസം പകരാനും ഇടയ്ക്കിടെ ശ്രുതി ഓടിയെത്തും. ദേശീയ അവയവദാന ദിനമായ ഇന്ന് ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ ശ്രുതി പങ്കെടുക്കുന്പോൾ, തന്റെ ശരീരത്തിൽ സ്പന്ദിക്കുന്ന രണ്ടാം ഹൃദയത്തിന്റെ ഉടമയായ ജോസഫ് മാത്യുവിന്റെ ബന്ധുക്കളും ഒപ്പമുണ്ടാകും.