കാൻ ഫിലിം ഫെസ്റ്റിൽ തന്റെ അരങ്ങേറ്റം ശ്രുതി ഹാസൻ ഗംഭീരമാക്കി. ശ്രുതി ഹാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സംഘമിത്ര എന്ന സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തിറക്കിയത് കാൻ ഫെസ്റ്റിനിടയ്ക്ക് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ. ചിത്രത്തിന്റെ സംവിധായകൻ സുന്ദർ സി., നിർമാതാക്കളായ നാരായണ്‍ രാമസ്വാമി, ഹേമ രുക്മിണി, അഭിനേതാക്കളായ ആര്യ, ജയം രവി, സംഗീത സംവിധായകൻ എ.ആർ റഹ്മാൻ തുടങ്ങി ചിത്രത്തിന്റെ അണിയറപ്രവർത്തകരെല്ലാം ചടങ്ങിൽ പങ്കെടുത്തു.
ചരിത്രകഥ പറയുന്ന സംഘമിത്ര തമിഴ് സിനിമയിൽ ഒരു നാഴികക്കല്ലായി മാറുമെന്നാണ് ശ്രുതി ഹാസൻ പറയുന്നത്. സിനിമയിലെ മുഖ്യകഥാപാത്രമായ സംഘമിത്രയായാണ് ശ്രുതി ഹാസൻ വേഷമിടുന്നത്. എട്ടാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യയിൽ ജീവിച്ചിരുന്ന ധീരവനിതതായിരുന്നു സംഘമിത്ര. ഇവരുടെ ജീവിത കഥയിലൂടെ ഭാരതത്തിലെ സ്ത്രീകൾ അനുഭവിച്ച സംഘർഷങ്ങളും പരീക്ഷണങ്ങളുമെല്ലാം ബിഗ് സ്ക്രീനിൽ എത്തിക്കാനാണ് സംവിധായകൻ ശ്രമിക്കുന്നത്. മാസങ്ങൾ നീണ്ടുനിന്ന ആയോധനപരിശീലനത്തിനുശേഷമാണ് ശ്രുതി സംഘമിത്രയാകാൻ എത്തിയത്.