തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് ഉലകനായകൻ കമൽഹാസന്റെ മകൾ ശ്രുതി ഹാസൻ. വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങളിലഭിനയിച്ച ഗായിക കൂടിയായ ശ്രുതി പുതിയ പ്രോജക്റ്റുകളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്.
ഈ അടുത്തയിടെ ഒരു മുഖാമുഖം പരിപാടിക്കിടെ തന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് അവർ നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധേയമാവുന്നത്.
പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് താനെന്നാണ് ശ്രുതി ഹാസൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ മേഖലയിൽത്തന്നെയാണ് എന്റെ താത്പര്യം.
നല്ല സിനിമകളുടെ ഭാഗമായി കരിയർ കെട്ടിപ്പടുക്കാനാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ താത്പര്യമില്ല- ശ്രുതി ഹാസൻ പറഞ്ഞു.
സിനിമയിൽ സജീവമായി നിൽക്കെ രാഷ്ട്രീയത്തിൽ പ്രവേശിച്ച നിരവധി താരങ്ങളുണ്ട് തെന്നിന്ത്യയിൽ. ശ്രുതിയുടെ പിതാവുകൂടിയായ കമൽഹാസൻ ഒരേസമയം സിനിമയിലും അദ്ദേഹം രൂപീകരിച്ച പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ പ്രവർത്തനങ്ങളിലും സജീവമാണ്.
വരുന്ന തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് പിതാവിനൊപ്പം മക്കൾ നീതി മയ്യത്തിന്റെ പ്രചാരണ പരിപാടികളിൽ ശ്രുതി പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇവയെക്കെല്ലാമാണ് വാർത്താ സമ്മേളനത്തിൽ ശ്രുതി ഹാസൻ അന്ത്യംകുറിച്ചത്.
ചിരഞ്ജീവി നായകനായ വാൾട്ടയർ വീരയ്യ, ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഢി എന്നിവയാണ് ശ്രുതി ഹാസൻ നായികയായെത്തി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രങ്ങൾ. പ്രഭാസ് നായകനാവുന്ന സലാറിൽ ശ്രുതിയാണ് നായിക.
ഹോളിവുഡ് ചിത്രം ദ ഐയിൽ താരം പ്രധാനവേഷത്തിലുണ്ട്. നാനി നായകനാവുന്ന ഹായ് നാന്നാ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും ശ്രുതിയുണ്ട്.