കെ.കെ. അർജുനൻ
അയ്യന്തോൾ: പിപിഇ കിറ്റും ധരിച്ച് കൈകളിൽ അണുനാശിനിയുമേന്തി പാടൂരിലെ കോളനിയിലേക്ക് അവൾ കടന്നു ചെന്നപ്പോൾ കോളനിക്കാർ ആദ്യം ഒന്നന്പരന്നു…
ഇതൊരു പെണ്കുട്ടിയല്ലേ… ഈ പണിക്കു പെണ്കുട്ടികളുമുണ്ടോ… കോളനിക്കാരുടെ പകപ്പു വകവയ്ക്കാതെ കോളനിയെ കോവിഡ് മഹാമാരിയിൽ നിന്നും സംരക്ഷിച്ചു പിടിക്കാൻ അണുനശീകരണം നടത്തി പൂർത്തിയാക്കുന്പോൾ ആരോ ചോദിച്ചു,
ന്താ മോൾടെ പേര്..?
ചിരിച്ചുകൊണ്ട് ആ യുവതി പറഞ്ഞു, ശ്രുതി.
അതെ, ശ്രുതിയെന്ന ഈ യുവതി കേരള ഫയർ ഫോഴ്സിന്റെ ഗുരുവായൂർ സ്റ്റേഷനിലെ സിവിൽ ഡിഫൻസ് സേനാംഗമാണ്.
എഴുത്തുകാരിയും ജില്ല ഇൻഫർമേഷൻ ഓഫീസിലെ ഇൻഫർമേഷൻ അസിസ്റ്റന്റുമൊക്കെയാണു ശ്രുതി. രാവും പകലും ഭേദമില്ലാതെ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ശ്രുതി യാതൊരു ഭംഗവും വരാതെ രംഗത്തിറങ്ങുന്നു.
പാടൂരിലെ കോളനിയിൽ നാൽപതോളം വീടുകളിൽ അണുനശീകരണം നടത്താൻ ഗുരുവായൂർ സിവിൽ ഡിഫൻസിലെ തൃശൂർ ഡിവിഷൻ വാർഡൻ ഷെൽബീർ അലി, സിവിൽ ഡിഫൻസ് അംഗങ്ങളായ ഷെബീർ സിദ്ദിഖ് ഫഹദ്, ഗുരുവായൂർ ഫയർ സ്റ്റേഷൻ എഫ്.ആർ.ഒ.ഡി പി.എസ്.സുമേഷ് എന്നിവർക്കൊപ്പം എത്തിയ ഏക വനിതയായിരുന്നു ശ്രുതി.
ചാവക്കാട് കണ്ടംപുള്ളി തറവാട്ടിലെ അംഗമായ ശ്രുതി മാധ്യമപ്രവർത്തക, അധ്യാപിക, കോപ്പി റൈറ്റർ എന്നീ മേഖലകളിലും പ്രവർത്തിച്ചു.
ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളജിൽ നിന്ന് ഫംഗ്ഷണൽ ഇംഗ്ലീഷിൽ ബിരുദവും ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിൽ നിന്ന് മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ശ്രുതി നിഴൽച്ചായങ്ങൾ എന്ന കവിതാസമാഹാരവും ഓണ് എയർ എന്ന ലേഖന സമാഹാരവും പുസ്തകമായി പ്രസിദ്ധികരിച്ചു.
കേരള കലാമണ്ഡലം സർവകലാശാലയിൽ സാംസ്കാരിക മാധ്യമ പ്രവർത്തനത്തിൽ ഗവേഷണം ചെയ്യുന്നുമുണ്ട് ശ്രുതി.
കേരള ഫയർ അക്കാദമിയിൽ നിന്നും സിവിൽ ഡിഫൻസ് പരീശീലനം ലഭിച്ച ശ്രുതി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും റവന്യൂ, പോലീസ്, തദ്ദേശഭരണ സ്ഥാപനങ്ങൾ, സർക്കാരിന്റെ മറ്റു വകുപ്പുകൾ, സർക്കാരിതര സ്ഥാപനങ്ങൾ എന്നിവയിലെല്ലാം യാതൊരു പ്രതിഫലവും കൂടാതെ സേവനം കാഴ്ചവച്ചിട്ടുണ്ട്.
അച്ഛൻ സുരേഷിന്റെയും അമ്മ സതിയുടേയും ഭർത്താവ് പ്രശാന്തിന്റെയും മക്കളായ ഇഷാൻ, പാർവണ എന്നിവരുടെ പരിപൂർണ പിന്തുണയും ശ്രുതിക്കുണ്ട്.
കോവിഡിനെതിരെ ബോധവത്കരണം, സെമിനാറുകൾ, ക്ലാസുകൾ, വിവിധ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവൃത്തികൾ, അണുനശീകരണ പ്രവർത്തനങ്ങൾ തുടങ്ങി ശ്രുതി തിരക്കിലാണ്. ഒന്നിനും ശ്രുതിഭംഗം വരുത്താതെ….