അന്തിക്കാട്: പെരിങ്ങോട്ടുകരയിൽ നവവധു ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ അന്തിക്കാട് എസ്എച്ച്ഒ പി.കെ. മനോജ്കുമാർ, എസ്ഐ കെ.ജെ. ജിനേഷ് എന്നിവരെ മധ്യമേഖല ഐജി അശോക് യാദവ് സസ്പെൻഡ് ചെയ്തു.
മുല്ലശേരി നരിയംപുള്ളി ആനേടത്ത് സുബ്രഹ്മണ്യന്റെ മകൾ ശ്രുതിയാണ് ജനുവരി ആറിനു വിവാഹം കഴിഞ്ഞു പതിനഞ്ചാമത്തെ ദിവസം പെരിങ്ങോട്ടുകരയിലുള്ള ഭർതൃഗൃഹത്തിലെ ശുചിമുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചത്.
അസ്വാഭാവിക മരണമായിട്ടും പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വന്ന വീഴ്ച തുടരന്വേഷണത്തെ സാരമായി ബാധിച്ചിരുന്നു. അസ്വാഭാവിക മരണമായിട്ടും ജാഗ്രത കാണിക്കാതെ അന്വേഷണത്തിൽ വരുത്തിയ വീഴ്ചയാണ് സസ്പെൻഷനു കാരണമായത്.
ശ്രുതിയുടെ കഴുത്തിലും ശരീരത്തിലും പാടുകളുണ്ടായിരുന്നിട്ടും കുഴഞ്ഞുവീണു മരിച്ചു എന്ന നിലയിലാണ് പോലീസ് നടപടികൾ സ്വീകരിച്ചത്. ശുചിമുറിയിൽ കുഴഞ്ഞു വീണ നിലയിൽ കാണപ്പെട്ട ശ്രുതിയെ സ്വന്തം വാഹനത്തിൽ ആശുപത്രിയിലെത്തിക്കാതെ ആംബുലൻസിനായി കാത്തുനിന്നതിലും ദുരൂഹതയുണ്ടായിരുന്നു.
മരണം സംഭവിച്ച ശുചിമുറിയുൾപ്പെടെ സീൽ ചെയ്യാത്തതുമൂലം ശാസ്ത്രീയതെളിവുകൾ ശേഖരിക്കാനും സാധിച്ചിരുന്നില്ല. തൃശൂർ ആർഡിഒയുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടന്നത്. സ്വാഭാവിക മരണമെന്ന നിലയിലാണ് മൃതസംസ്കാരനടപടികളും നടന്നത്.
മരണം സംബന്ധിച്ച് തുടക്കത്തിലെ ഭർതൃവീട്ടുകാരുടെ മൊഴിയും പോസ്റ്റ്മോർട്ടം റിപ്പോർട്ടും തമ്മിലുള്ള പൊരുത്തക്കേടുകളാണ് മരണം കൊലപാതകമാണെന്നുപോലും സംശയിക്കാവുന്ന രീതിയിൽ എത്തിച്ചത്.
ഫെബ്രുവരി 13നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചപ്പോഴാണ് മരണത്തിലെ ദുരൂഹതകൾ ശ്രുതിയുടെ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. കഴുത്തിലേറ്റ മർദവും മാറിടത്തിലുള്ള മുറിവുകളും റിപ്പോർട്ടിൽ എടുത്തുപറഞ്ഞിരുന്നു. ശ്രുതിയുടെ പിതാവിനു പോലീസ് സർജൻ നൽകിയ വിശദാംശങ്ങളും മരണത്തിലെ അസ്വാഭാവികതയിലേക്കു വിരൽ ചൂണ്ടുന്നതായിരുന്നു.
അരുണിന്റെ ഭാഗത്തുനിന്ന് അന്വേഷണത്തിൽ കാര്യമായ ഇടപെടലുകൾ നടക്കുന്നുണ്ടെന്നും, അന്തിക്കാട് പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നുമുള്ള ബന്ധുക്കളുടെ പരാതിയെതുടർന്ന് ജില്ലാ ക്രൈംബ്രാഞ്ചിനു കേസ് കൈമാറി അന്വേഷണം നടന്നുവരികയായിരുന്നു.
അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാവാത്തതിനെതുടർന്ന് മുല്ലശേരി യുവചേതന ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനകീയ ആക്ഷൻ കൗണ്സിൽ ഉണ്ടാക്കി ശക്തമായ സമരപരിപാടികൾ ആരംഭിച്ചിരുന്നു. ശ്രുതിയുടെ പിതാവ് മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്കു പരാതിയും നൽകി.
പ്രശ്നത്തിൽ ഇടപെട്ട മുരളി പെരുനെല്ലി എംഎൽഎ അന്തിക്കാട് പോലീസിന് അന്വേഷണത്തിന്റെ തുടക്കത്തിൽ വന്ന വീഴ്ചയാണ് കേസന്വേഷണം കൂടുതൽ ദുഷ്കരമാക്കിയതെന്നു മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നു.