അന്തിക്കാട്: വിവാഹം കഴിഞ്ഞ് പതിനാലാംനാൾ കുഴഞ്ഞ് വീണ് മരിച്ച നിലയിൽ കാണപെട്ട പെരിങ്ങോട്ടുകര കിഴക്കുംമുറി കരുവേലി വീട്ടിൽ അരുണിന്റെ ഭാര്യ ശ്രുതിയുടെ (26) ദുരൂഹ മരണവുമായി ബന്ധപെട്ട് ശ്രുതിയുടെ ഭർത്താവ്, ഭർതൃസഹോദരൻ, മാതാപിതാക്കൾ എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു.
മൂന്ന് ഘട്ടമായി ഇവരെ ചോദ്യം ചെയ്തുവെങ്കിലും ബാത്റൂമിൽ കുഴഞ്ഞ് വീണ് മരിച്ചുവെന്ന ആദ്യമൊഴിയിൽ ഇവർ ഉറച്ച് നിൽക്കുന്നതായാണ് വിവരം. ഇതിനെ മറികടക്കാൻശാസ്ത്രീയ അന്വേഷണത്തിലേക്ക് നീങ്ങാനാണ് പോലീസിന്റെ തീരുമാനം.
അന്തിക്കാട് സ്റ്റേഷൻ എസ്എച്ച്ഒ പി.കെ.മനോജ് കുമാർ, എസ്ഐ കെ.ജെ.ജിനേഷ് എന്നിവരുടെ നേതൃത്വത്തിൽ പതിനൊന്നംഗ സംഘമാണ് കേസന്വേഷിക്കുന്നത്. കുറ്റമറ്റ ശാസ്ത്രീയ അന്വേഷണത്തിന്നാവശ്യമായ മുന്നൊരുക്കങ്ങളിലാണ് പോലീസ്.
മരണം നടന്നത് ശ്രുതിയും അരുണും കൂടി മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്ത ദിവസം തന്നെ ഭർത്താവിന്റെ വീട്ടിൽ കുഴഞ്ഞുവീണു ശ്രുതി മരിച്ചതെന്നായിരുന്നു ഭർതൃവീട്ടുകാരുടെ മൊഴി.
എന്നാൽ ഇത് പൂർണ്ണമായും നിരാകരിക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിറകെയാണ് അന്തിക്കാട് പോലീസ് അന്വേഷണം ഉൗർജ്ജിതമാക്കിയത്. കഴുത്തിനു ചുറ്റുമുള്ള നിർബന്ധിത ബലം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.
2020 ജനുവരി ആറിന് രാത്രി ഒന്‍പതരയോടെ അരുണിന്റെ വീട്ടിലെ ബാത്റൂമിൽ വച്ച് ശ്രുതിയെ കുഴഞ്ഞുവീണ് മരിച്ചെന്ന നിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്ന നിലയിരുന്നു ശവസംസ്ക്കാര നടപടികളും മറ്റും പൂർത്തീകരിച്ചത്.
ആസൂത്രിതമായ ഒരു കൊലപാതകമാണെന്ന് പോലും സംശയിക്കാവുന്ന രീതിയിൽ മുഖത്തും തലയിലും കഴുത്തിലും മുറിവുകളുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചനകളുണ്ടെന്ന ശ്രുതിയുടെ പിതാവ് മുല്ലശ്ശേരി സ്വദേശി നരിയം പുള്ളി ആനേടത്ത് സുബ്രഹ്മണ്യന്റെ പരാതിയും അന്വേഷണ സംഘം ഗൗര വമായി പരിശോധിക്കുന്നുണ്ട്.
ഏഴു വർഷത്തോളം ശ്രുതിയുമായി അരുണ്‍ പ്രണയത്തിലായിരുന്നു. പിന്നീട് മറ്റൊരു യുവതിയുമായി അരുണിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. ഇത് ഒഴിവാക്കിയാണ് വീണ്ടും അരുണും ശ്രുതിയും തമ്മിൽ വിവാഹം നടന്നത്.