മാരൻ മറുകിൽ ചോരും മധുരം നീയേ…. സമൂഹ മാധ്യമങ്ങളിൽ ഏറെ അലയൊലികൾ സൃഷ്ടിച്ചിരിക്കുകയാണ് ഈ ഗാനം.
അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തിനു ശേഷം സംവിധായകൻ ബിലഹരി ഒരുക്കുന്ന കുടുക്ക് 2025 എന്ന ചിത്രത്തിലെ ഗാനം ഇതിനോടകം ഹിറ്റ്ചാർട്ടിലിടം നേടിക്കഴിഞ്ഞു.
യുവാക്കളുടെ പ്രിയ ഗായകൻ സിദ്ദ് ശ്രീറാം പാടി പ്രണയത്തിന്റെ പുതിയ ഭാവ തലങ്ങളെ ശ്രോതാക്കളിൽ പടർത്തുന്ന ഗാനത്തിലൂടെ പുതിയൊരു സംഗീത സംവിധായികയെയാണ് മലയാളത്തിനു ലഭിച്ചിരിക്കുന്നത്.
ഗാനം ചിട്ടപ്പെടുത്തിയും സിദ്ദ് ശ്രീറാമിനൊപ്പം പാടിയും സിനിമയിലേക്കുള്ള തന്റെ കടന്നു വരവ് ഏറെ ആഘോഷമാക്കിയിരിക്കുകയാണ് ഭൂമി എന്ന സംഗീതജ്ഞ.
യുവ താരങ്ങളായ കൃഷ്ണ ശങ്കറും ദുർഗയും ജോഡികളായെത്തുന്ന ഇതിന്റെ വീഡിയോ ഗാനവും യൂടൂബിൽ ട്രെൻഡിംഗ് ഹിറ്റാണ്.
സംഗീത സംവിധാന വഴിയിൽ സ്വപ്ന തുല്യമായ തുടക്കം മലയാള സിനിമയിലേക്കു ലഭിച്ചതിന്റെ ആനന്ദത്തിലാണ് ഈ യുവകലാകാരി. ഭൂമിയെന്ന പേര് മലയാളികൾക്കു പുതിയതെങ്കിലും താൻ എട്ടു വർഷത്തിലേറെയായി ഇവിടെയുണ്ടെന്ന് ഈ സംഗീതജ്ഞ പറയുന്നു…
മനസ് നേടിയ മാരൻ
എല്ലാവർക്കും ഇഷ്്ടപ്പെടുന്ന ഒരു നല്ല പാട്ടൊരുക്കണം എന്നായിരുന്നു ആഗ്രഹം. പാട്ട് പുറത്തിറങ്ങിക്കഴിഞ്ഞപ്പോൾ ഇത്രയും സ്വീകാര്യതയുണ്ടാകുമെന്നു ചിന്തിച്ചിരുന്നില്ല.
എല്ലാവരും പാട്ട് ഏറ്റെടുത്തെന്നറിന്പോൾ ഏറെ സന്തോഷമുണ്ട്. സംവിധായകൻ ബിലഹരി വളരെ അടുത്ത സുഹൃത്താണ്. മുന്പ് നിരവധി ഷോർട് ഫിലിമുകളിലും പരസ്യ ചിത്രങ്ങളിലും ഞങ്ങൾ ഒന്നിച്ചു വർക്ക് ചെയ്തിരുന്നു.
കഴിഞ്ഞ ലോക്ഡൗണ് സമയത്താണ് കുടുക്ക് 2025 എന്ന പുതിയ ചിത്രത്തിന്റെ സംഗീതം ചെയ്യുന്നതിനായി ബിലഹരി വിളിക്കുന്നത്. മാരൻ എന്ന പാട്ടാണ് ആദ്യം ചെയ്യുന്നത്.
പിന്നീട് രണ്ടു പാട്ടുകൾ കൂടി ചെയ്തു. ഒന്നു ഗായിക സിത്താരയും മറ്റൊന്നു ഞാനുമാണ് പാടിയിരിക്കുന്നത്. സിദ്ദ് ശ്രീറാമിന്റെ വലിയൊരു ആരാധികയാണ് ഞാൻ.
സ്റ്റേജിൽ പാടാൻ ഞാൻ വളരെ ആഗ്രഹിക്കുന്നതും സിദ്ദിന്റെ പാട്ടുകളാണ്. എന്റെ ഗാനം സിദ്ദ് പാടിയെന്നതും ഒപ്പം പാടാൻ കഴിഞ്ഞെന്നതും വളരെ അഭിമാനം നൽകുന്നു.
സിത്താരച്ചേച്ചി എന്റെ സുഹൃത്താണ്. ഞാൻ സംഗീതം ചെയ്യുമെന്നറിഞ്ഞപ്പോൾ എന്നെ പാട്ടുപാടാൻ വിളിക്കണമെന്നൊക്കെ നേരത്തേ പറഞ്ഞിട്ടുണ്ട്. കുടുക്കിലേക്കു കർണാടിക് ടച്ചുള്ള ഒരു സിന്പിൾ പാട്ടാണ്. അതിലേക്കു പാടാൻ വിളിച്ചപ്പോൾ ചേച്ചി വളരെ സന്തോഷത്തോടെത്തി.
ശ്രുതി ലക്ഷ്മി ഭൂമിയാകുന്നു
ശ്രുതി ലക്ഷ്മി എന്നതാണ് എന്റെ ശരിക്കുമുള്ള പേര്. മുന്പ് കുറച്ചേറെ കവർ സോംഗുകളും ഋത ധാമവ, സുജന സുധാര്യം, മിഞ്ചി, അറിവ് തുടങ്ങിയ വീഡിയോ ആൽബങ്ങളും ചെയ്തിരുന്നു.
അതൊക്കെ ശ്രുതി ലക്ഷമി എന്ന പേരിലാണ് റിലീസായിട്ടുള്ളത്. പിന്നീടാണ് ഭൂമി എന്ന പേര് സ്വീകരിക്കുന്നത്. പ്രകൃതിയുമായി ചേർന്നു നിൽക്കുന്ന ആശയത്തിൽ ഞാൻ ചെയ്ത ബാൻഡ് മ്യൂസിക്കൽ തിയറ്റർ എക്സ്പിരമെന്റ് വർക്കായിരുന്നു ഭൂമി.
പ്രകൃതിയേയും ഭൂമിയേയും പച്ചപ്പിനേയും സംരക്ഷിക്കേണ്ടതിന്റെ അവബോധം പകരുന്ന ഒരു വർക്കായിരുന്നു അത്. ഭൂമിയുടെ കഥയാണ് പറയുന്നത്.
അതിൽ ഭൂമിയെ അവതരിപ്പിക്കുന്നത് ഞാൻ തന്നെയാണ്. ഭാവിയിലും ആ സന്ദേശം പകരുന്നതിന്റെ പ്രചാരകയാകണമെന്നാണ് ആഗ്രഹം. അങ്ങനെയാണ് ഭൂമി എന്നത് എന്റെയും പേരാകുന്നത്.
സംഗീതം: ജീവിത സാന്ദ്രം
ചെറുപ്പം മുതൽ പാടുകയും പിന്നീട് കന്പോസിംഗും ചെയ്യുമായിരുന്നു. ചെന്നൈയിലെ എ.ആർ. റഹ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠനം പൂർത്തിയാക്കിയതിനു ശേഷം മ്യൂസിക് പ്രോഗ്രാമറായിട്ടാണ് ഇൻഡസ്ട്രിയിലേക്കു വരുന്നത്.
പിന്നീട് എന്റെ മ്യൂസിക് വീഡിയോ, കവർ സോംഗ്സ് ചെയ്തു വന്നു. നിരവധി ട്രാക്ക് പാടിയിട്ടുണ്ടെങ്കിലും കിടു എന്ന ചിത്രത്തിലാണ് ആദ്യമായി സിനിമയ്ക്കു വേണ്ടി പാടിയത്.
അതിനു ശേഷമാണ് കുടുക്ക് ചെയ്യുന്നത്. പാട്ടിറങ്ങിക്കഴിഞ്ഞപ്പോൾ മുതൽ ഇപ്പോഴും നിരവധിയാളുകൾ മികച്ച അഭിപ്രായം അറിയിക്കുന്നുണ്ട്. മലയാളത്തിലെ പല ഗായകരും സംഗീത സംവിധായകനും നടീനടന്മാരുമൊക്കെ ആശംസകളറിയിച്ചു. അതു കൂടുതൽ ആത്മവിശ്വാസം പകരുന്നു.
സംഗീത സംവിധാനവും ഗായികയും
ഒരുപോലെ പാഷനാണ് സംഗീത സംവിധാനവും പാടുന്നതും. പാട്ടു പാടുന്നത് ചെറുപ്പം മുതൽ ജീവിതത്തിന്റെ ഭാഗമായിരുന്നു.
ഒരു പാട്ടിനു ജീവൻ നൽകുന്നു എന്നത് നല്ലൊരു അനുഭൂതിയാണ്. പാടുന്പോൾ നമ്മുടെ ശബ്ദം മറ്റൊരാൾക്ക് ഇഷ്ടപ്പെടുന്നു, ആനന്ദം പകരുന്നു എന്നത് മറ്റൊരു ഫീൽ നൽകുന്നു. അതുകൊണ്ടുതന്നെ രണ്ടും വളരെ പ്രിയപ്പെട്ട സംഗതിയാണ്.
പിന്നെ സംഗീത സംവിധാനം വളരെ ക്രീയാത്മകമായ സംഗതിയാണ്. ദിനംതോറുമുള്ള പഠനമാണ് അതിന്റെ പ്രധാന ഘടകം. നമ്മുടെയുള്ളിലെ കഴിവിനെ തിരിച്ചറിഞ്ഞ് അതു വളർത്തിയെടുക്കാനുള്ള ആർജവവും അതിനായുള്ള ഒരുക്കവും വേണം.
കംഫർട്ട് സോണിൽനിന്നും പുറത്തു കടന്ന് ചുറ്റുമുള്ള ലോകത്തിന്റെ സാധ്യതകളെ അറിയണം. ഞാൻ ഒരു കർണാടിക് മ്യൂസിഷൻ ആയിരുന്നു. അതിന്റെ ബേസിൽ നിന്നുകൊണ്ടാണ് ഇന്റർനാഷണൽ മ്യൂസിക് സ്റ്റൈലുകളും പുതിയ സംഗീത ഇടങ്ങളും അറിയുന്നത്.
അതൊക്കെ എന്റെ സംഗീത ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്നു ഞാനിപ്പോഴാണ് തിരിച്ചറിയുന്നത്. കഴിഞ്ഞ ലോക്ഡൗണ് കാലത്ത് 80-90 കാലഘട്ടങ്ങളിലെ മലയാള സിനിമയിലെ ലൈവ് ഓർക്കസ്ട്രയിൽ ഒരുക്കിയ പശ്ചാത്തല സംഗീതം വളരെ ഗൗരവത്തോടെ പഠനമാക്കിയ കാര്യമാണ്.
ജോണ്സണ് മാഷ്്, വിദ്യാ സാഗർ, എ.ആർ. റഹ്മാൻ തുടങ്ങിയ പ്രതിഭകളുടെ യൂണിക് സ്റ്റൈല് അവർ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അതൊക്കെ പാഠ്യമാക്കുന്നത് പ്രചോദനമാണ്.
സംഗീത മേഖലയിൽ സ്ത്രീ സാന്നിധ്യം
സിനിമയിൽ അഭിനയം, പാട്ട് എന്നതിനപ്പുറമുള്ള മേഖലകളിലേക്കു സ്ത്രീകളെത്തിത്തുടങ്ങിയിയത് സമീപ കാലത്താണ്. സമൂഹം എന്തു ചിന്തിക്കും, ഈ മേഖല സുരക്ഷിതമാണോ തുടങ്ങിയ നിരവധി ഘടകങ്ങളാകാം പലരേയും പിന്നിലേക്കു വലിക്കുന്നത്.
ഗായികമാരായി നിരവധി പെണ്കുട്ടികൾ കടന്നു വരുന്നുണ്ട്. സംഗീത സംവിധാനം സമയമെടുത്ത്, വളരെ തയാറെടുപ്പും പഠനവും വേണ്ടിവരുന്ന ജോലിയാണ്.
സംഗീത സംവിധാന മേഖലയിലേക്കു എത്തുന്നതിൽ സ്ത്രീകൾ കുറവാകാൻ കാരണവും അതാകാം. നിരവധി പേർക്കു ആഗ്രഹമുണ്ട്. കുടുംബം, സാമൂഹിക പശ്ചാത്തലം എന്നി ഘടകങ്ങളാകാം ചെലപ്പോൾ അത്രത്തോളം സമയം മാറ്റിവെക്കുന്നിൽ അവർക്കു തടസമാകുന്നത്.
എന്നെ സംബന്ധിച്ചു മറ്റെല്ലാ മേഖല എന്ന പോലെ സിനിമയും സുരക്ഷിത ഇടം തന്നെയാണ്. ഇന്നു വലിയ സാധ്യത മുന്നിലുണ്ട്. കഴിവുള്ള നിരവധിപേർ ഇവിടേക്കെത്തണമെന്നാണ് കരുതുന്നത്.
പുതിയ അവസരങ്ങൾ
കുടുക്കിനു ശേഷം ബിലഹരിയുടെ തന്നെ പുതിയ പ്രോജക്്ടാണ് ചെയ്യുന്നത്. സാനിയ ഇയ്യപ്പൻ പ്രധാന കഥാപാത്രമാകുന്ന സിനിമയാണത്. മറ്റു രണ്ടു മൂന്നു പ്രോജക്ടുകളുടെ ചർച്ച നടക്കുന്നുണ്ട്.
കുടുംബം
സ്വദേശം തൃശൂരാണ്. കണ്ണൂരിലായിരുന്നു സ്കൂൾ പഠനമൊക്കെ. ഇപ്പോൾ കുറച്ചു വർഷങ്ങളായി കുടുംബമായി കൊച്ചിയിലാണ്. അച്ഛനും ശിവപ്രസാദും അമ്മ ജോളിയും സഹോദരൻ ഭരത് പ്രസാദും ചേരുന്നതാണ് കുടുംബം.
തൃശൂരിലായിരുന്നപ്പോൾ ചെറുപ്പകാലത്ത് ദൂരദർശനിൽ വരുന്ന കഥകളിപ്പദങ്ങൾ കാണുമായിരുന്നു. അങ്ങനെ ഞാൻ അമ്മമ്മ എന്നു വിളിക്കുന്ന അമ്മയുടെ അമ്മയാണ് എന്റെ സംഗീത വാസന തിരിച്ചറിയുന്നത്.
പിന്നീട് എന്നെ സംഗീത ലോകത്തേക്കു കൈപിടിച്ചു നടത്തിയത് കണ്ണൂരാണ്. സംഗീത പഠനത്തിനും മത്സരങ്ങളിലും മറ്റു പരിപാടികൾക്കുമെല്ലാം കൊണ്ടുപോകൊനും പ്രചോദനമേകിയതും അച്ഛന്റെ മാതാപിതാക്കളായ അച്ഛമ്മയും അച്ഛച്ചനുമാണ്.
ഇന്ന് അവർ എന്റെ പാട്ടുകൾ കേൾക്കുന്പോൾ അതെനിക്കും അഭിമാനവും ആനന്ദവും പകരുന്നു. കുടുംബത്തിന്റെ പിന്തുണയാണ് എന്റെ കരുത്ത്.
ലിജിൻ കെ ഈപ്പൻ