കാസര്‍ഗോഡ്: മലയാളി മാധ്യമപ്രവര്‍ത്തക ബംഗളൂരുവിലെ ഫ്ളാറ്റില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു.
റോയിട്ടേഴ്സില്‍ സബ് എഡിറ്ററായിരുന്ന ശ്രുതി നാരായണനെ (35) കഴിഞ്ഞ ബുധനാഴ്ചയാണ് നല്ലൂര്‍ഹള്ളി സിന്ധിപുരയിലെ മേഫെയര്‍ അപ്പാര്‍ട്ട്മെന്റിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇതിനുമുമ്പേ നാട്ടിലേക്ക് പോയിരുന്നതായി പറയുന്ന ഭര്‍ത്താവ് തളിപ്പറമ്പ് സ്വദേശി അനീഷി (42) നെ ഇനിയും കണ്ടെത്താനായിട്ടില്ല.
ശ്രുതിയുടെ മുറിയില്‍നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ അനീഷിനെതിരായി പരാമര്‍ശങ്ങളുണ്ടായിരുന്നു.
ഭര്‍ത്താവിന്റെ ഭാഗത്തുനിന്നും കടുത്ത പീഡനങ്ങളാണ് ശ്രുതിക്ക് സഹിക്കേണ്ടിവന്നതെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.
വീട്ടുകാരെ വിഷമിപ്പിക്കേണ്ടെന്നു കരുതിയാണ് ഭര്‍ത്താവിന്റെ ക്രൂരതകള്‍ നേരത്തേ പറയാതിരുന്നതെന്നാണ് ആത്മഹത്യാകുറിപ്പില്‍ പറയുന്നത്.
തുടര്‍ന്ന് ബംഗളൂരു വൈറ്റ്ഫീല്‍ഡ് പോലീസ് അനീഷിനെതിരേ കേസെടുത്തിരുന്നു. എന്നാല്‍ തളിപ്പറമ്പ് ചുഴലിയിലെ വീട്ടിലും ബംഗളൂരുവിലെ ജോലിസ്ഥലത്തുമെല്ലാം അന്വേഷിച്ചിട്ടും അനീഷിനെ കണ്ടെത്താനായില്ല.
നാലുവര്‍ഷം മുമ്പാണ് ബംഗളൂരുവില്‍ സോഫ്റ്റ്വേര്‍ എന്‍ജിനിയറായ അനീഷും കാസര്‍ഗോഡ് വിദ്യാനഗര്‍ ചാല സ്വദേശിനിയായ ശ്രുതിയും വിവാഹിതരായത്.
വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു. കാസര്‍ഗോട്ടെ മുതിര്‍ന്ന സാംസ്കാരിക പ്രവര്‍ത്തകനും റിട്ട. അധ്യാപകനുമായ നാരായണന് പേരിയയുടെയും റിട്ട. അധ്യാപിക സത്യഭാമയുടെയും മകളാണ് ശ്രുതി.
നേരത്തേ ഇന്ത്യന്‍ എക്സ്പ്രസിലും പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ എട്ടുവര്‍ഷത്തിലേറെയായി റോയിട്ടേഴ്സില്‍ ജോലിചെയ്തു വരികയായിരുന്നു.
ഇരുവരും സാമൂഹികമായും സാമ്പത്തികമായും വളരെ ഉയര്‍ന്ന തലത്തിലായിരുന്നിട്ടും ആത്മഹത്യയിലേക്ക് നയിക്കാന്‍ മാത്രമുള്ള സാഹചര്യം എങ്ങനെയുണ്ടായി എന്ന ചോദ്യമാണ് പോലീസിനെ കുഴയ്ക്കുന്നത്.
ശ്രുതിയുടെ ശമ്പളം സ്വന്തം വീട്ടുകാര്‍ക്ക് നല്‍കുന്നുവെന്ന് പറഞ്ഞ് അനീഷ് പ്രശ്നമുണ്ടാക്കിയിരുന്നതായി ബംഗളൂരുവില്‍ തന്നെ ജോലിചെയ്യുന്ന ശ്രുതിയുടെ സഹോദരന് നിഷാന്ത് പറയുന്നു.
ഫ്ളാറ്റിനകത്ത് രഹസ്യ കാമറയും അതോടൊപ്പം ശ്രുതിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ രേഖപ്പെടുത്തുന്ന സംവിധാനവും സോഫ്റ്റ്വേര്‍ വിദഗ്ധനായ അനീഷ് സ്ഥാപിച്ചിരുന്നുവെന്നും പറയുന്നു.
കഴിഞ്ഞ ജനുവരിയില്‍ അനീഷ് ഫ്ളാറ്റിനകത്തിരുന്ന് മദ്യപിക്കുന്നതിന്റെ ഫോട്ടോ ശ്രുതി തന്റെ മൊബൈലില്‍ എടുക്കുകയും തുടര്‍ന്ന് അനീഷ് മൊബൈല്‍ എറിഞ്ഞുപൊട്ടിക്കുകയും ഇരുവരും തമ്മില്‍ കൈയാങ്കളി നടക്കുകയും ചെയ്ത സംഭവവും ഉണ്ടായിരുന്നു.
അന്ന് ശ്രുതിയെ തലയിണ മുഖത്തമര്‍ത്തി കൊല്ലാന്‍ വരെ അനീഷ് ശ്രമിച്ചിരുന്നതായും തൊട്ടടുത്ത ഫ്ളാറ്റിലുള്ളവരും സെക്യൂരിറ്റി ജീവനക്കാരും ഓടിയെത്തിയാണ് രക്ഷിച്ചതെന്നും നിഷാന്ത് പറഞ്ഞു. ഈ സംഭവത്തെത്തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞ മട്ടിലായിരുന്നു.
ഒരുമാസം കഴിഞ്ഞ് അനീഷിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയെ തുടര്‍ന്നാണ് ശ്രുതി വീണ്ടും ഫ്ളാറ്റിലേക്ക് മടങ്ങിയത്.
അനീഷിനെ കണ്ടെത്തി മൊഴിയെടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ കൃത്യമായി എന്തെങ്കിലും പറയാന്‍ കഴിയൂവെന്ന് ബംഗളൂരു ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്. ഗിരീഷ് പറഞ്ഞു.
ഗാര്‍ഹിക പീഡനം, ആത്മഹത്യാപ്രേരണ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്.
ഇത്രയും ദിവസമായിട്ടും ഇയാള്‍ പുറത്തുവരാത്തതുതന്നെ ഇയാള്‍ക്ക് സംഭവത്തില്‍ കാര്യമായ പങ്കുണ്ടെന്നതിന്റെ സൂചനയാണ്.
ശ്രുതിയുടെ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടിലെ ജനപ്രതിനിധികളുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.