മീററ്റ്: പരിമിതമായ ജീവിതസാഹചര്യത്തിൽനിന്നു സ്വപ്നംപോലും കാണാൻ സാധിക്കാത്ത ഉയരങ്ങളിൽ എത്തിച്ചേർന്നവർ നമുക്കു ചുറ്റും ധാരാളമുണ്ട്. അവരുടെ കഠിനാധ്വാനത്തിന്റെയും പരിശ്രമങ്ങളുടെയും കഥകൾ മറ്റുള്ളവർക്കു പ്രചോദനമാകാറുമുണ്ട്. ഉത്തർപ്രദേശ് മീററ്റിലെ പല്ലവപുരത്തുനിന്നുള്ള ശ്രുതി സിംഗിന്റെ ജീവിതവും അത്തരത്തിൽ ഒന്നാണ്.
ഉത്തര്‍പ്രദേശ് റോഡ് വേയ്സ് കോര്‍പറേഷനില്‍ ഡ്രൈവറായ കെ.പി. സിംഗിന്റെയും സുനിതയുടെയും മകളാണ് ശ്രുതി. തനി നാട്ടിൻപുറത്തുകാരി. എയര്‍ഫോഴ്സിൽ പൈലറ്റാകുകയെന്ന മോഹം ചെറുപ്പത്തിലേ ശ്രുതിയുടെ മനസിൽ കയറി. വെറുതേ സ്വപ്നം കണ്ടിരിക്കാതെ മോഹം സാക്ഷാത്കരിക്കാൻ കഠിനാധ്വാനംതന്നെ നടത്തി.
മുടങ്ങാത്ത പഠനത്തോടൊപ്പം പരിശീലനക്ലാസിലും പങ്കെടുത്തു. ആദ്യ രണ്ടുതവണ പ്രവേശനപ്പരീക്ഷ എഴുതിയപ്പോൾ പരാജയമായി. എന്നാൽ, ഈ വര്‍ഷത്തെ എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷന് ടെസ്റ്റില്‍ രണ്ടാം റാങ്ക് നേട്ടത്തോടെ ശ്രുതി സേനയിൽ അംഗമായി.
അടുത്ത ജനുവരിയില്‍ ഹൈദരാബാദിലെ എയര്‍ഫോഴ്സ് അക്കാഡമിയില്‍ ഈ മിടുക്കിക്കുട്ടി പരിശീലനം ആരംഭിക്കും. യുദ്ധവിമാനം പറത്തുക എന്ന സ്വപ്നം പൂവണിയാൻ പോകുന്നതിന്റെ ത്രില്ലിലാണ് ഇപ്പോൾ ശ്രുതി.
എങ്ങനെ ഈ നേട്ടം കൈവരിച്ചുവെന്ന ചോദ്യത്തിന് ശ്രുതിയുടെ മറുപടി ഇങ്ങനെ: ദിവസവും കുത്തിയിരുന്നു പഠിക്കുന്ന ശീലക്കാരിയൊന്നുമല്ല. കൊച്ചുകൊച്ചു ലക്ഷ്യങ്ങള്‍ മുന്നിൽക്കണ്ടായിരുന്നു പഠനം. അത് എന്നെ ഈ നേട്ടത്തിലെത്തിച്ചു.