തിരുവനന്തപുരം: അധ്യാപികയായ മലയാളി യുവതിയെ ഭര്‍ത്താവിന്റെ ശുചീന്ദ്രത്തെ വീട്ടിൽ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ സത്യം പുറത്തുവരണമെന്ന ആവശ്യവുമായി യുവതിയുടെ ബന്ധുക്കൾ. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതിയുടെ മരണത്തെത്തുടർന്ന് ഭർതൃമാതാവായ ചെന്പകവല്ലി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
അതേസമയം ശ്രുതി തൂങ്ങിമരിച്ചതല്ലെന്നും അന്നേദിവസം രാത്രി വീട്ടില്‍ എന്താണു സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും ശ്രുതിയുടെ പിതാവ് ബാബു പറയുന്നു. മകള്‍ അങ്ങനെ ചെയ്യുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും അത്ര ഉയരത്തിലുള്ള കമ്പിയില്‍ കയര്‍ കുരുക്കാനൊന്നും ശ്രുതിക്ക് കഴിയില്ലെന്നും ബാബു ആരോപിക്കുന്നു.
നാഗര്‍കോവില്‍ ആര്‍ഡിഒ ശ്രുതിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയപ്പോൾ മരിക്കുന്നതിനു മുന്‍പ് ശ്രുതി അമ്മയ്ക്ക് അയച്ച ശബ്ദസന്ദേശങ്ങള്‍ ഉള്‍പ്പെടെ ആര്‍ഡിഒയ്ക്കു നല്‍കിയെന്നും രണ്ടു മണിക്കൂറോളം ആര്‍ഡിഒ വിവരങ്ങള്‍ ചോദിച്ചറിഞ്ഞുവെന്നും ബാബു പറഞ്ഞു.
21ന് രാത്രിയാണ് ശ്രുതിയെ ഭര്‍ത്താവ് കാര്‍ത്തിക്കിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസത്തിനുള്ളില്‍ ശ്രുതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കും. അതിനു ശേഷം തുടർനടപടി സ്വീകരിക്കാമെന്ന് ആര്‍ഡിഒ കുടുംബത്തെ അറിയിച്ചു.
ശ്രുതിയുടെ അവസാന ശബ്ദസന്ദേശത്തിൽ സ്ത്രീധന പീഡനത്തെ ക്കുറിച്ച് സൂചനകളുണ്ടായിരുന്നു. എച്ചില്‍പാത്രത്തില്‍ നിന്നു ഭക്ഷണം കഴിക്കാന്‍ ചെന്പകവല്ലി നിര്‍ബന്ധിച്ചുവെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.കഴിഞ്ഞ ഏപ്രിലിലാണ് തമിഴ്നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്ക് ശ്രുതിയെ വിവാഹം കഴിച്ചത്.