കരിയറിലെ തുടക്ക കാലം മുതൽ ഗോസിപ്പുകൾ തുടർച്ചയായി കേൾക്കുന്ന നടിയാണ് കമൽഹാസന്റെ മകൾ ശ്രുതി ഹാസൻ. എന്നാൽ നടി ഇതൊന്നും കാര്യമാക്കാറില്ല. തെന്നിന്ത്യൻ സിനിമകളിലാണ് കൂടുതൽ സജീവമെങ്കിലും മുംബൈയിലാണ് ശ്രുതി താമസം. ഏറെക്കാലമായി ഡൂഡിൽ ആർട്ടിസ്റ്റ് ശന്തനു ഹസാരികയുമായി പ്രണയത്തിലായിരുന്നു ശ്രുതി.
അടുത്തിടെയാണ് ഇരുവരും ബ്രേക്കപ്പായത്. താൻ ഇപ്പോൾ സിംഗിളാണെന്ന് സോഷ്യൽ മീഡിയയിലൂടെ ശ്രുതി വ്യക്തമാക്കുകയും ചെയ്തു. നടി വീണ്ടും പ്രണയത്തിലായോ എന്നാണിപ്പോൾ ആരാധകരുടെ ചോദ്യം. മറ്റൊരു യുവാവിനൊപ്പമുള്ള ശ്രുതിയുടെ ഫോട്ടോയാണ് ചോദ്യങ്ങൾക്ക് കാരണം. റെഡിറ്റിൽ ഇതേക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്.
2024 മാർച്ച് മാസത്തോടെയാണ് ശ്രുതിയും ശന്തനു ഹസാരികയും അകന്നത്. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റാതായതോടെ രമ്യമായി പിരിയുകയായിരുന്നെന്ന് ഇവരുടെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിൽ രണ്ട് പേരും അൺ ഫോളോയും ചെയ്തിട്ടുണ്ട്. ശ്രുതിക്കൊപ്പമുള്ള പുതിയ യുവാവിനെക്കുറിച്ച് പല കമന്റുകളും വരുന്നുണ്ട്. കാമുകന്മാരെ തെരഞ്ഞെടുക്കുന്നതിൽ ശ്രുതിയുടെ സെലക്ഷൻ വളരെ മോശമാണെന്ന് ചിലർ പരിഹസിച്ചു.
അതേസമയം ശന്തനു ഹസാരികയുമായി പിരിഞ്ഞതിന് കാരണമെന്തെന്ന് ശ്രുതി ഹാസൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ശന്തനുവുമായി വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ശ്രുതി ഹാസൻ ആഗ്രഹിച്ചിരുന്നു, എന്നാൽ ശന്തനു ഇതിന് മടി കാണിച്ചതാണ് ബന്ധത്തിൽ പ്രശ്നമായതെന്ന് ബ്രേക്കപ്പിന് പിന്നാലെ അഭ്യൂഹങ്ങൾ വന്നു. 39 കാരിയായ താൻ വിവാഹിതയാകാത്തതിനെക്കുറിച്ചും ശ്രുതി നേരത്തെ സംസാരിച്ചിരുന്നു. റിലേഷൻഷിപ്പ് ഇഷ്ടമാണെങ്കിലും വിവാഹത്തിലേക്ക് കടക്കാൻ തനിക്ക് ഭയമാണെന്നാണ് ശ്രുതി ഹാസൻ പറഞ്ഞത്.