ചെറുതോണി: കൂലിപ്പണിക്കാരിയുടെ മകളായ ശ്രുതിമോൾക്ക് സ്വപ്നം കാണാൻകൂടി സാധിക്കാതിരുന്ന എംബിബിഎസ് പഠനമോഹം പൂവണിയുന്നതിന്റെ ആഹ്ളാദത്തിലാണ് മുരിക്കാശേരി പടമുഖം പാറച്ചാലിൽ കുടുംബം.
ചോർന്നൊലിക്കുന്ന വീട്ടിൽ ചാണകം മെഴുകിയ തറയിലിരുന്ന് രാവും പകലുമില്ലാതെ പഠിച്ച് മെഡിക്കൽ എൻട്രൻസിന് 4203-ാം റാങ്ക് നേടിയ ശ്രുതിമോൾക്ക് അഡ്മിഷൻ ലഭിച്ചു.
കോളജിൽ പ്രവേശനം നേടണമെങ്കിൽ കോളജ് ഫീസിന്റെ ആദ്യ ഗഡു അടയ്ക്കണം. കോളജിൽ പ്രവേശനം നേടിയാൽ മാത്രമേ ബാങ്കിൽനിന്നും വിദ്യാഭ്യാസ വായ്പ അനുവദിക്കുകയുള്ളൂ.
ഫീസടയ്ക്കാൻ മാർഗമില്ലാതെ ശ്രുതിമോളുടെ മോഹം ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് സിപിഎം ജില്ലാ കമ്മിറ്റി ഇവരെ സഹായിക്കാനായി രംഗത്തെത്തിയത്.
ആദ്യവർഷ ഫീസിന്റെ ആദ്യ ഗഡുവായി ഏഴുലക്ഷം രൂപ കോളജിലടച്ച് പ്രവേശനം ഉറപ്പാക്കി.
ബാക്കി തുക കണ്ടെത്തുന്നതിനായി റോമിയോ സെബാസ്റ്റ്യൻ ചെയർമാനും പി.ബി. സബീഷ് കണ്വീനറും ഇ.എൻ. ചന്ദ്രൻ ട്രഷററുമായി കമ്മിറ്റി രൂപീകരിച്ചു.
12ന് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ഇടുക്കി ഏരിയയിലെ വീടുകളിൽ കയറിയിറങ്ങി പാഴ് വസ്തുക്കൾ ശേഖരിച്ച് തുക സമാഹരിക്കാനാണ് തീരുമാനം.
ശ്രുതിമോളുടെ വീട്ടിലെത്തിയ സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പഠനത്തിനാവശ്യമായ സഹായം വാഗ്ദാനം ചെയ്തിരുന്നു.
കൂടാതെ ശ്രുതിമോളുടെ മാതാവ് ബിന്ദുവിനോട് കുടുംബ സാഹചര്യങ്ങൾ ചോദിച്ചറിഞ്ഞു.
വാസയോഗ്യമായ വീട് നിർമിച്ചു നല്കുവാനുള്ള കാര്യങ്ങൾ ക്രമീകരിക്കുമെന്നും ഉറപ്പു നല്കി.
സിപിഎം തോപ്രാംകുടി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷൈൻ കല്ലേക്കുളം, കമ്മിറ്റിയംഗങ്ങളായ കെ.യു. വിനു, ഇ.എൻ. ചന്ദ്രൻ, ഗ്രാമപഞ്ചായത്തംഗം ലൈലാമണി തുടങ്ങിയവർ സി.വി. വർഗീസിനൊപ്പം ശ്രുതിമോളുടെ വീട്ടിലെത്തിയിരുന്നു.
ശ്രുതിമോളുടെ പിതാവ് തന്പി 2011ൽ ഹൃദയാഘാതത്താൽ മരണപ്പെട്ടിരുന്നു. തുടർന്ന് മാതാവ് ബിന്ദു കൂലിപ്പണിയെടുത്താണ് രണ്ട് പെണ്മക്കളെ പഠിപ്പിച്ചത്.
പ്ലസ്ടുവിന് 91.6 ശതമാനം മാർക്ക് നേടി വിജയിച്ച ശ്രുതിമോളെ പാലാ ബ്രില്ല്യൻസിൽ എൻട്രൻസ് പരിശീലനത്തിന് അയച്ചു.
ശ്രുതിമോളുടെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ കോളജ് അധികൃതർ രണ്ടാംവർഷത്തെ പരിശീലനം സൗജന്യമായാണ് നൽകിയത്. നന്നായി പഠിച്ച് നല്ല റാങ്ക് വാങ്ങുകയും ചെയ്തു.