കാട്ടാക്കട: സർക്കാർ രേഖയിൽ ആഡംബര കാറിന് ഉടമ. പക്ഷേ ശശിധരൻ ആശാരി ജീവിക്ക് ജീവിക്കണമെങ്കിൽ ടോർച്ചു നന്നാക്കി കിട്ടുന്ന പണം വേണം. ക്ഷേമ പെൻഷൻ മാത്രം ആശ്വാസമായി ജീവിക്കുന്ന വയോധികന് ഇരുട്ടടിയായത് ആധാർ. മലയിൻകീഴ് പഞ്ചായത്തിലെ അരുവാക്കോട് വാർഡിൽ തുമ്പോട്ട്കോണം പ്രശാന്ത് മന്ദിരത്തിൽ സി. ശശിധരൻആശാരി (67) ക്ക് 116 ലക്ഷത്തിന്റെ ആഡംബര കാർ ഉണ്ടെന്നാണ് സർക്കാർ രേഖകളിൽ.
പഴയ പാത്രങ്ങളും ടോർച്ചുകളും ലൈറ്റുകളും നന്നാക്കി ഉപജീവനം നടത്തുന്ന വയോധികനാണ് ശശിധരൻ. ഹൃദയ രോഗത്തിന് ഏറെനാളായി ചികിത്സയിലായിരുന്ന ശശിധരൻ ആശാരിക്ക് ആശ്വാസമായി വല്ലപ്പോഴും ലഭിച്ചുകൊണ്ടിരുന്ന ക്ഷേമ പെൻഷൻ ആരുടെയോ കൈപ്പിഴവ് കാരണം ഇതോടെ മുടങ്ങിയിരിക്കുകയാണ്. ഓണത്തിന് പെൻഷൻ കിട്ടാതായതോടെ വാർഡ് മെമ്പറെ സമീപിച്ചപ്പോഴാണ് താനറിയാതെ തന്റെ ആധാർ മുഖേന ആരോ കാർ വാങ്ങിയതറിയുന്നത്.
ആധാർ ലിങ്ക് ചെയ്ത് ശശിധരൻആശാരി കാർ വാങ്ങിയെന്ന വിവരം സർക്കാർ മലയിൻകീഴ് പഞ്ചായത്തിനെ അറിയിക്കുകയായിരുന്നു. എസ്ബിഐ മുഖേനയാണ് ഇദ്ദേഹത്തിന് വാർധക്യകാല പെൻഷൻ ലഭിച്ചുകൊണ്ടിരുന്നത്. സ്വന്തമായി ഒരു സൈക്കിൾ പോലും ഇല്ലാത്ത നിർദ്ധനനായ വയോധികൻ 16 ലക്ഷത്തിന്റെ ആഡംബര കാർ വാങ്ങിയെന്ന കാരണം പറഞ്ഞ് ഓണക്കാലത്ത് ലഭിക്കേണ്ട ക്ഷേമ പെൻഷൻ കുടിശിക ധനകാര്യ വകുപ്പ് തടഞ്ഞുവച്ചിരിക്കുകയാണ്.
ശശിധരൻ വാർഡ് അംഗത്തിനെ സമീപിക്കുകയും തുടർന്ന് വാർഡ് അംഗം നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം സ്വദേശിയായ ശശിധരൻനായർ എന്നയാളുടെ പേരിൽ ആധാർ ലിങ്ക് ചെയ്ത് കാർ വാങ്ങിയിട്ടുള്ളതായി കണ്ടെത്തി.
ക്ഷേമ പെൻഷൻ വാങ്ങുന്ന ശശിധരൻ ആശാരി കാർ വാങ്ങിയിട്ടില്ലെന്ന് വ്യക്തമായി അറിയാവുന്ന പഞ്ചായത്ത് അംഗം വിവരം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. മകന്റെ പേരിലാണ് ശശിധരൻ ആശാരി താമസിക്കുന്ന വീടും പുരയിടവും ഇവിടെ നിന്ന് രണ്ട് സെന്റ് ഭൂമി വിറ്റാണ് അടുത്തമാസം മകളുടെ വിവാഹം നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഷീറ്റിട്ട മേൽക്കൂര പൊട്ടി പൊളിഞ്ഞു നിലംപൊത്താവുന്ന അവസ്ഥയിലാണ്. സർക്കാർ കനിയുമോ കാത്തിരിക്കുന്നു ശശിധരൻ