കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തെരഞ്ഞെടുത്തു. ഞായറാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സി. എൻ. മോഹനൻ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് ആയ സതീഷ് നിലവിൽ സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമാണ്. കോതമംഗലം സ്വദേശിയാണ്.
വലിയ ഉത്തരവാദിത്തം ആണ് പാർട്ടി നൽകിയതെന്ന് സതീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. ‘തലമുറമാറ്റം എന്നതിൽ പ്രസക്തി ഇല്ല, എല്ലാ തലമുറയിൽ ഉള്ളവരും പാർട്ടിയിൽ ഉണ്ട്. വലതു പക്ഷ രാഷ്ട്രീയത്തെ തുറന്നു കാണിക്കും. കൂടുതൽ ജനങ്ങളെ ഇടതു പക്ഷത്തേയ്ക്ക് അടുപ്പിക്കുമെന്നും’ സതീഷ് പറഞ്ഞു.
അതേസമയം, എറണാകുളത്ത് പാർട്ടി ജില്ലാ സെക്രട്ടറിയേറ്റിൽ കെഎസ് അരുൺ കുമാർ, ഷാജി മുഹമ്മദ് എന്നീ രണ്ട് പുതുമുഖങ്ങൾ കൂടി എത്തി. എംപി പത്രോസ്, പിആർ മുരളീധരൻ, ജോൺ ഫെർണാണ്ടസ്, കെഎൻ ഉണ്ണികൃഷ്ണൻ, സികെ പരീത്, സിബി ദേവദർശനൻ, ആർ അനിൽകുമാർ, ടിസി ഷിബു, പുഷ്പദാസ്, കെഎസ് അരുൺ കുമാർ, ഷാജി മുഹമ്മദ് എന്നിവരാണ് എറണാകുളം ജില്ലയിലെ 12 അംഗ ജില്ലാ സെക്രട്ടേറിയറ്റ്