തൃശൂർ: എയ്ഥർ എനർജിയുടെ ഇലക്ട്രിക് സ്കൂട്ടർ, എയ്ഥർ-450 കേരള വിപണിയിലും. കൊച്ചി, കോയമ്പത്തൂർ, അഹമ്മദാബാദ്, കോൽക്കത്ത നഗരങ്ങളിലാണ് പുതിയ ഡീലർഷിപ്പുകൾ. ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചതിനു പിന്നാലെ ബുക്കിംഗിൽ വൻ വർധനയുണ്ടായെന്നു കമ്പനി അവകാശപ്പെട്ടു.
കൊച്ചി ഉൾപ്പെടെ നാലു നഗരങ്ങളിലും അതിവേഗ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. കമ്പനിയുടെ വെബ്സൈറ്റിൽ, 2,500 രൂപ അടച്ച് സ്കൂട്ടർ ബുക്ക് ചെയ്യാം.
ഈ തുക മടക്കിനല്കും. ഗ്രേ, പച്ച, തൂവെള്ള നിറങ്ങളിൽ ലഭ്യം. ആറു കിലോവാട്ട് പിഎംഎസ്എം മോട്ടോറാണ് ഉപയോഗിക്കുന്നത്. 209 കെ ഡബ്ല്യു എച്ച് ലിഥിയം-ലോംഗ് ബാറ്ററി നാല് റൈഡിംഗ് മോഡുകളാണ് നല്കുക.
ഇക്കോ, റൈഡ്, സ്പോർട്ട് എന്നിവയ്ക്കു പുറമേ എയ്ഥറിനു വാർപ് എന്ന ഹൈ-പെർഫോമൻസ് മോഡ് കൂടിയുണ്ട്. 3.3 സെക്കൻഡിൽ, വാർപ് മോഡിൽ പൂജ്യം മുതൽ 40 കിലോമീറ്റർ വേഗമാണ് ലഭിക്കുക.
116 കിലോമീറ്റർ ഇന്ത്യൻ ഡ്രൈവ് സൈക്കിൾ റേഞ്ചാണ് അതിശക്തമായ ബാറ്ററി പ്രദാനം ചെയ്യുന്നത്. 50 ശതമാനം ഇരട്ടി അതിവേഗ ചാർജിംഗാണ് മറ്റൊരു പ്രത്യേകത. നഗരത്തിൽ 85 കിലോമീറ്ററാണ് വേഗം.
റൈഡേഴ്സിനു ഫോൺ കോളുകൾ കൈകാര്യം ചെയ്യാനും സംഗീതം ആസ്വദിക്കാനും ബ്ലൂടൂത്ത് കണക്ടിവിറ്റിയോടുകൂടിയ 4ജി സിം കാർഡ് പുതിയ സ്കൂട്ടറിലുണ്ട്. സ്നാപ് ഡ്രാഗൺ ക്വാഡ്-കോർ പ്രോസസറോടു കൂടിയ ഏഴിഞ്ച് ടച്ച് സ്ക്രീൻ ഡാഷ് ബോർഡുമുണ്ട്.