സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഹിമാചൽപ്രദേശിന്റെ തനതു നാടോടിഗാനം ആലപിച്ച് കൈയടി നേടിയ തിരുവനന്തപുരം പട്ടം സ്വദേശി എസ്.എസ്. ദേവികയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം.
ഒൻപതാം ക്ലാസുകാരിയായ ദേവികയുടെ ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
“ദേവിക എന്ന കുട്ടിയെ ഓർത്ത് അഭിമാനമുണ്ട്. അവളുടെ ശ്രുതിമധുരമായ ആലാപനം ഏക ഭാരതം ശ്രേഷ്ഠഭാരതത്തിന്റെ അന്തസത്ത ശക്തിപ്പെടുത്തുന്നു” എന്നാണ് മോദി ട്വിറ്ററിൽ മലയാളത്തിൽ കുറിച്ചത്.
‘ചന്പ കിത്തനി കി ദൂർ…’ എന്ന തുടങ്ങുന്ന ഹിമാചലിന്റെ തനത് നാടോടിഗാനമാണ് ദേവിക പാടി ഹിറ്റാക്കിയത്. സാമൂഹ്യ മാധ്യമങ്ങളിൽ 40 ലക്ഷം പേരാണ് ദേവികയുടെ ഗാനം കണ്ടത്.
ഗാനം ശ്രദ്ധിച്ച ഹിമാചൽ മുഖ്യമന്ത്രി ജയ്റാം താക്കൂറും ദേവികയെ അഭിനന്ദിക്കുകയും അദ്ദേഹം ദേവികയെ ഹിമാചലിലേക്ക് ക്ഷണിക്കുകയും ചെയ്തു. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനിയാണ് ദേവിക.
കഴിഞ്ഞ സെപ്റ്റംബർ 28നാണ് ദേവികയുടെ പാട്ട് സ്കൂൾ അധികൃതർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. സെപ്റ്റംബർ 30ന് ഹിമാചൽ ഗായകൻ താക്കൂർ ദാസ് രാത്തി ഇത് ഷെയർ ചെയ്തു.
ഹിന്ദി വിരളമായി സംസാരിക്കുന്ന ദക്ഷിണേന്ത്യയിൽ നിന്നുള്ള വിദ്യാർഥിനി ഹിമാചൽ നാടോടി ഗാനം ഭംഗിയായി ആലപിച്ചിരിക്കുന്നു എന്ന കുറിപ്പോടെയാണ് അദ്ദേഹം ദേവിക പാടുന്ന വീഡിയോ ഷെയർ ചെയ്തത്.
“ഹിമാചലി ഉച്ചാരണത്തോടെ ആലപിച്ച് കേരളത്തിന്റെ മകൾ ദേവിക ഹിമാചൽപ്രദേശിന്റെ അഭിമാനമുയർത്തിയിരിക്കുന്നു. മകളേ, നിനക്ക് അഭിനന്ദനങ്ങൾ. ദേവിക, നിന്നെ ഞാൻ ഹിമാചലിലേക്ക് ക്ഷണിക്കുകയാണ്. ഞങ്ങളുടെ സംസ്കാരത്തപ്പറ്റി കൂടുതലറിയാം.
നല്ലൊരു ഭാവിക്കായി ഹിമാചൽ ദേവഭൂമിയിൽനിന്ന് എല്ലാ ആശംസകളും നേരുന്നു” എന്ന് ജയറാം താക്കൂർ ട്വിറ്ററിലും ദേവികയെ അഭിനന്ദിച്ചിരുന്നു.തുടർന്നാണ് ദേവികയെ അഭിനന്ദിച്ച് ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ഈ വീഡിയോ ഫേസ് ബുക്കിൽ ഷെയർ ചെയ്തത്.
കേരളത്തിന്റെ മകൾ ദേവിക അവളുടെ മധുരശബ്ദത്തിൽ ഹിമാചലിന്റെ ആനന്ദം ആലപിച്ചിരിക്കുന്നു എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ ഷെയർ ചെയ്തത്. സംസ്ഥാന മന്ത്രി എ.കെ. ബാലനും ദേവികയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെയും സംസ്കാരങ്ങളെ ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് ഏക ഭാരത് ശ്രേഷ്ഠ ഭാരത്.
പദ്ധതിയുടെ കീഴിൽ കേരളത്തിനൊപ്പമുള്ള ജോഡി സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. ഹിമാചൽപ്രദേശിലെ ചന്പ എന്ന സ്ഥലത്തക്കുറിച്ചാണ് ദേവിക ആലപിച്ചത്.