കൊച്ചി: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ വീട്ടില്‍ കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി എത്തിച്ച രണ്ടു പെണ്‍കുട്ടികളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.
ഇന്നലെ വൈകിട്ടോടെയാണ് ഇതുസംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയായത്. യാത്രയ്ക്കെന്ന വ്യാജേനയാണ് ഇവരെ ഇവിടെ എത്തിച്ചതെന്നാണ് വിവരം.
നഗരത്തിലെ ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ ജില്ലയ്ക്കു പുറത്തെ താമസക്കാരാണ്. ഷാഫിയുടെ ലഹരിവലയത്തില്‍ പെണ്‍കുട്ടികള്‍ അകപ്പെട്ടതാകാം എന്നാണ് പോലീസ് സംശയിക്കുന്നത്.
വരെ ഇലന്തൂരിലെ വീട്ടിലെത്തിച്ചു പീഡിപ്പിച്ചെന്നായിരുന്നു മുമ്പു ലഭിച്ച വിവരം. ഇക്കാര്യങ്ങളടക്കം പോലീസ് പരിശോധിച്ചു വരികയാണ്.
അതേസമയം ആഭിചാര ക്രിയയില്‍ ഇരകള്‍ ഇഞ്ചിഞ്ചായി മരിക്കുന്നതു ഗുണം ചെയ്യുമെന്ന് കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി ഭഗവല്‍- ലൈല ദമ്പതികളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നതായാണ് മൊഴി.
ചോദ്യം ചെയ്യലില്‍ ഷാഫി തന്നെയാണ് ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തിയത്. പ്രതികളുടെ മൊഴികളും അന്വേഷണസംഘം വിശദമായി പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ ദിവസം ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ ചോദ്യം ചെയ്യല്‍. പല ചോദ്യങ്ങള്‍ക്കും പ്രതികള്‍ വ്യക്തമായ ഉത്തരം നല്‍കാത്തത് അന്വേഷണസംഘത്തെ കുഴയ്ക്കുകയാണ്.
പണയസ്വര്‍ണം വീണ്ടെടുത്തു
കൊലയ്ക്കുശേഷം പത്മയുടെ സ്വര്‍ണം പണയം വച്ച എറണാകുളത്തെ ധനകാര്യ സ്ഥാപനത്തില്‍ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുമായി പോലീസ് തെളിവെടുപ്പു നടത്തി.
ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു നടപടികള്‍. പണയം വച്ച സ്വര്‍ണം ഇവിടെ നിന്ന് പോലീസ് വീണ്ടെടുത്തു. ഇതു പത്മയുടേതാണെന്ന് ബന്ധുക്കളും സ്ഥിരീകരിച്ചു.
കൊലപാതകത്തിനുശേഷം പത്മയുടെ മൃതദേഹത്തില്‍ നിന്ന് ഊരിയെടുത്ത 39 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ അടുത്ത ദിവസം ഷാഫി ചിറ്റൂര്‍ റോഡിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു.
ഒരു ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് പണയം വച്ചത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഷാഫിയുടെ വീട്ടില്‍ നിന്ന് പണയം വച്ച രസീത് പോലീസ് കണ്ടെടുക്കുകയുണ്ടായി.
വണ്ടി വിറ്റു കിട്ടിയ പണമാണെന്നു പറഞ്ഞ് പണയതുകയില് നിന്ന് നാല്പതിനായിരം രൂപ ഭാര്യയ്ക്കു നല്‍കിയതായി ഷാഫി പറഞ്ഞിരുന്നു.
പത്മയുടെ കൈയില്‍ ആറു പവനോളം സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നതായി സഹോദരി പഴനിയമ്മയുടെ വെളിപ്പെടുത്തലിനെക്കുറിച്ചും പോലീസ് അന്വേഷിച്ചുവരികയാണ്.
ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചു
അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവരെ ഇന്നലെ ഉച്ചയോടെയാണ് കളമശേരി മെഡിക്കല്‍ കോളജിലെത്തിച്ചു വൈദ്യപരിശോധന നടത്തിയത്.
ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ വിവിധ പരിശോധനകള്കള്ക്കായി ശരീരസ്രവങ്ങളും രക്തസാമ്പിളുകളും ശേഖരിച്ചു.
ഷാഫി ലൈംഗിക വൈകൃതത്തിനടിമയാണെന്ന പോലീസ് റിപ്പോര്‍ട്ട് ശാസ്ത്രീയമായി തെളിയിക്കാനും അന്വേഷണസംഘം ഇതിലൂടെ ലക്ഷ്യമിടുന്നു.
മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറി കോംപ്ലക്സിലെ ഫോറന്‍സിക് ലാബില്‍ മൂന്നു മണിക്കൂറിലേറെയെടുത്താണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.