കൊച്ചി: കളിയിക്കാവിളയിൽ എഎസ്ഐയെ വിൽസനെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് കണ്ടെടുത്തു. വ്യാഴാഴ്ച രാവിലെ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ഓടയിൽനിന്നുമാണ് തോക്ക് കണ്ടെടുത്തത്. കേസിലെ മുഖ്യപ്രതികളായ ഷമീം, തൗഫീഖ് എന്നിവരെ തമിഴ്നാട് ക്യൂ ബ്രാഞ്ച് കൊച്ചിയിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് തോക്ക് കണ്ടെടുത്തത്.
സൈനികർ ഉപയോഗിക്കുന്ന തോക്കാണ് കണ്ടെത്തിയതെന്നാണ് വിവരം. പ്രതികളെ പത്തു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. നേരത്തേ, പ്രതികൾക്ക് തോക്ക് നൽകിയ ഇജാസ് പാഷയെ ബംഗളൂരുവിൽവച്ച് കർണാടക പോലീസ് പിടികൂടിയിരുന്നു. നിരോധിത സംഘടനയായ അൽ ഉമ്മയുടെ പുതിയ രൂപമായ തമിഴ്നാട് നാഷണൽ ലീഗിന്റെ പ്രവർത്തകനാണ് ഇയാൾ.
കളിയിക്കാവിള കൊലപാതകത്തിന്റെ ആസൂത്രണം നടന്നത് കേരളത്തിലെന്ന് അന്വേഷണസംഘം അറിയിച്ചിരുന്നു. ഇതിനിടെ കൊലപാതക കേസ് എൻഐഎ ഉടൻ ഏറ്റെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പ്രതികളുടെ അന്തർസംസ്ഥാന തീവ്രവാദ ബന്ധം കണക്കിലെടുത്താണ് ഈ തീരുമാനം.