തിരുവനന്തപുരം: കളിയിക്കാവിളയിൽ ചെക്ക് പോസ്റ്റിൽ എസ്എസ്ഐയെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതികൾക്കു ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നു സൂചന. പ്രതികളായ അബ്ദുൽ ഷമീം, തൗഫീഖ് എന്നിവരുടെ ബാഗിൽനിന്നു കണ്ടെടുത്ത കുറിപ്പിലാണു തീവ്രവാദബന്ധത്തിന്റെ സൂചനയുള്ളത്.
കുറിപ്പിൽ തമിഴ്നാട് നാഷനൽ ലീഗ് എന്ന സംഘടനയുടെ ഐഎസ് ബന്ധം വെളിവാകുന്നുണ്ടെന്നു പോലീസ് പറയുന്നു. പ്രതികൾ സൂക്ഷിക്കാനേൽപിച്ച ബാഗ് കസ്റ്റഡിയിൽ കഴിയുന്ന പത്താംകല്ല് സ്വദേശി ജാഫറിന്റെ വീട്ടിൽനിന്നു കണ്ടെത്തി. ഈ ബാഗിൽനിന്നാണു കുറിപ്പ് കണ്ടെത്തിയത്. കുറിപ്പിൽ ഇംഗ്ലീഷിൽ ഐഎസ്ഐ എന്നും രേഖപ്പെടുത്തിയിരുന്നു.
മതത്തിനായി ഇന്ത്യയിൽ പോരാട്ടം നടത്തും, തലൈവർ കാജാഭായി എന്നതടക്കം മുന്നു വരികളാണു കുറിപ്പിലുള്ളത്. കൂടല്ലൂർ സ്വദേശിയായ കാജഭായിയാണു സംഘത്തിന്റെ തലവനെന്ന സൂചനയും തമിഴ്നാട് ക്യു ബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്.
വിൽസണെ വെടിവയ്ക്കുന്നതിനു മുന്പ് കുത്തിപ്പരിക്കേൽപ്പിക്കാൻ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു. തന്പാനൂർ ബസ് സ്റ്റാൻഡിലെ ആളൊഴിഞ്ഞ ഭാഗത്ത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞനിലയിലാണു രക്തംപുരണ്ട കത്തി കണ്ടെടുത്തത്. വിൽസണെ വെടിവച്ച തോക്ക് കഴിഞ്ഞ ദിവസം എറണാകുളത്തുനിന്നു കണ്ടെടുത്തിരുന്നു.