ന്യൂഡല്‍ഹി: ഗല്‍വാന്‍ താഴ്വരയില് ചൈനയുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് വ്യോമസേനാ മേധാവി ആര്.കെ.എസ്. ഭദൗരിയ.
ഹൈദരാബാദിന് സമീപമുള്ള എയര്‍ഫോഴ്സ് അക്കാദമിയില്‍ നടന്ന സംയുക്ത ബിരുദ പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനം ഉറപ്പുവരുത്താനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും ഏത് ആക്സമിക സാഹചര്യങ്ങളെയും നേരിടാന്‍ തയാറാണെന്നും എയര്‍ ചീഫ് മാര്‍ഷല്‍ ഭദൗരിയ വ്യക്തമാക്കി. ഇന്ത്യ-ചൈന സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ലഡാക്കിലെ ലേ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.
സംയുക്തസേനാമേധാവി ബിപിന്‍ റാവത്തുമായും കരസേനാമേധാവി എം.എം. നരവണെയുമായുമുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഭദൗരിയ ലേയിലെയും ശ്രീനഗറിലെയും വ്യോമസേനാകേന്ദ്രങ്ങളിലെത്തിയത്.
ശ്രീനഗറിലെയും ലേയിലെയും വ്യോമകേന്ദ്രങ്ങളില്‍ മുന്‍നിര യുദ്ധവിമാനങ്ങളെ ഒരുക്കിനിര്‍ത്തിയിട്ടുണ്ടെന്നും ഉന്നത സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു.
ലഡാക്കിനടുത്തുള്ള കേന്ദ്രത്തില്‍ മിറാഷ് യുദ്ധവിമാനവും നിലയുറപ്പിച്ചിട്ടുണ്ട്. ബാലാകോട്ട് കഴിഞ്ഞവര്‍ഷം മിന്നലാക്രമണം നടത്തിയത് മിറാഷ് യുദ്ധവിമാനങ്ങളാണ്. ചൈനീസ് പട്ടാളത്തെ പ്രതിരോധിക്കാന്‍ കരസേനനടത്തുന്ന ശ്രമങ്ങളെ സഹായിക്കാനായി അപ്പാച്ചെ, ചിനൂക് ഹെലികോപ്റ്ററുകളും ഇന്നലെ എത്തിയിട്ടുണ്ട്.