തൃശൂർ: തൃശൂർ, കോട്ടയം ജില്ലകളിലെ പഠനവൈകല്യമുള്ള കുട്ടികൾക്ക് എസ്എസ്എൽസി പരീക്ഷാ ആനുകൂല്യം ലഭിക്കാനുള്ള അവസരം ഇല്ലാതാക്കിയ അധികാരികൾക്കെതിരേ കോടതിയെ സമീപിക്കുമെന്ന് കേരള പാരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ജയപ്രകാശ് പത്രസമ്മേളനത്തിൽ പറഞ്ഞു.
പഠനവൈകല്യം കണ്ടെത്തുന്ന കുട്ടികൾക്ക് സ് ക്രൈബ്, ഇന്റർപ്രെട്ടർ എന്നിവരുടെ സേവനം ഉപയോഗിച്ചു പരീക്ഷയെഴുതിക്കാനാകും. ഈ അവസരമാണ് ഇപ്പോൾ ഇല്ലാതായത്. പഠനവൈകല്യമുള്ള മൂവായിരത്തോളം കുട്ടികളാണു തൃശൂർ ജില്ലയിൽ മെഡിക്കൽ ബോർഡിന്റെ സ്ക്രീനിംഗിനും സർട്ടിഫിക്കറ്റിനുമായി അപേക്ഷിച്ചിരുന്നത്.
ഇതിൽ അറുന്നൂറോളം കുട്ടികൾക്കു സർട്ടിഫിക്കറ്റ് ലഭിച്ചെങ്കിലും അവർക്കുപോലും സ്ക്രൈബ്സിനെവച്ച് പരീക്ഷയെഴുതാനായില്ല. പരീക്ഷാ ആനുകൂല്യത്തിന് അർഹരായ മുഴുവൻ കുട്ടികൾക്കും അടുത്ത സേ പരീക്ഷയ്ക്കുമുന്നേ സ്ക്രൈബ്സിന്റെ സേവനം പ്രയോജനപ്പെടുത്തി പ്രത്യേകം പരീക്ഷയെഴുതാൻ അവസരം നൽകണമെന്നു ഭാരവാഹികൾ പറഞ്ഞു.
വിദ്യാർഥികളുടെ അവകാശപ്പെട്ട ആനുകൂല്യം ഇല്ലാതാക്കിയ നടപടിക്കെതിരേ മനുഷ്യാവകാശ കമ്മീഷനെയും ഹൈക്കോടതിയെയും സമീപിക്കും. പ്രക്ഷോഭവും സംഘടിപ്പിക്കും.
പത്രസമ്മേളനത്തിൽ ട്രഷറർ പി.പി. ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി പി.എൻ. കൃഷ്ണൻകുട്ടി, ആർ.എം. ബഷീർ, എം. രാമദാസ് എന്നിവരും പങ്കെടുത്തു.