തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയ്ക്ക് നാളെ തുടക്കമാകും. ഇക്കുറി സംസ്ഥാനത്ത് 4,41,103 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി 2935 പരീക്ഷാകേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ആകെ പരീക്ഷയ്ക്ക് ഇരിക്കുന്നതിൽ 2,24,564 ആണ്‍കുട്ടികളും 2,16,539 പെണ്‍കുട്ടികളുമാണുള്ളത്. ഇതിൽ 1160 സർക്കാർ സ്കൂളുകളിലായി 1,44,999 പേരും 1433 എയ്ഡഡ് സ്കൂളുകളിലായി 2,64,980 പേരും പരീക്ഷ എഴുതുന്നു. 453 അണ്‍എയ്ഡഡ് സ്കൂളുകളിൽ നിന്നായി 31,118 വിദ്യാർഥികളാണ് ഇക്കുറി പരീക്ഷയ്ക്കുള്ളത്.
ഗൾഫിലെ ഒൻപത് പരീക്ഷാ കേന്ദ്രങ്ങളിലായി 550 പേരും ലക്ഷദ്വീപിലെ ഒൻപതു കേന്ദ്രങ്ങളിലായി 789 വിദ്യാർഥികളും പരീക്ഷ എഴുതും ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്ന ജില്ലയും വിദ്യാഭ്യാസജില്ലയും മലപ്പുറം ആണ് . മലപ്പുറം ജില്ലയിൽനിന്ന് 79,741 വിജ്യാർഥികളും വിദ്യാഭ്യാസ ജില്ലയിൽ നിന്ന് 26,986 പേരും പരീക്ഷ എഴുതും. 2,268 വിദ്യാർഥികൾ പരീക്ഷയ്ക്കിരിക്കുന്ന കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കുറവ്.
മലപ്പുറം എടരിക്കോട് പികെഎംഎച്ച്എസിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത്. 2,422 കുട്ടികളാണ് ഇക്കുറി എടരിക്കോട് സ്കൂളിൽ പരീക്ഷയ്ക്കുള്ളത്. രണ്ടു കുട്ടികൾ പരീക്ഷയ്ക്കിരിക്കുന്ന ബേപ്പൂർ ജിആർഎഫ്ടിഎച്ച്എസ് ആണ് ഇക്കുറി ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷയ്ക്കിരിക്കുന്ന സെന്റർ. കഴിഞ്ഞ വർഷത്തേക്കാൾ 15000 വിദ്യാർഥികളുടെ കുറവാണ് ഇക്കുറി ഉള്ളത്. നാളെ ആരംഭിക്കുന്ന പരീക്ഷ 28 നാണ് പൂർത്തിയാകുന്നത്.