തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകൾക്ക് ഇന്നു തുടക്കമാകും. 4.35 ലക്ഷം വിദ്യാർഥികളാണു റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുന്നത്.
സംസ്ഥാനത്ത് 2,923 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കേരളത്തിനു പുറത്ത് ലക്ഷദ്വീപിലും ഗൾഫ് മേഖലയിലും ഒൻപതു വീതം പരീക്ഷാ കേന്ദ്രങ്ങൾ ഒരിക്കിയിട്ടുണ്ട്. ഈ മാസം 28 ന് പരീക്ഷകൾ അവസാനിക്കും. സർക്കാർ സ്കൂളുകളിൽ നിന്ന് 1,42,033 വിദ്യാർഥികൾ പരീക്ഷയ്ക്ക് ഇരിക്കുന്പോൾ എയ്ഡഡ് സ്കൂളുകളിൽനിന്ന് 2,62, 125, അണ് എയ്ഡഡ് സ്കൂളുകളിൽനിന്ന് 30,984 എന്നിങ്ങനെയാണ് പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ കണക്ക്.
ഗൾഫ് മേഖലയിൽ 495 കുട്ടികളും ലക്ഷദ്വീപ് മേഖലയിൽ 682 പേരും പരീക്ഷയെഴുതുന്നു. പ്രൈവറ്റ് വിഭാഗത്തിൽ ന്യൂ സ്കീമിൽ 1,867 പേരും ഓൾഡ് സ്കീമിൽ 333 പേരും പരീക്ഷ എഴുതും.
ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്ന സ്കൂൾ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികഐംഎംഎച്ച്എസ് ആണ്- 2,411 പേർ. ഏറ്റവും കുറച്ച് വിദ്യാർഥികൾ പരീക്ഷയ്ക്ക് ഹാജരാകുന്നത് തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പെരിങ്ങര ഗവണ്മെന്റ് ഗേൾസ് എച്ച്എസിലാണ് – രണ്ടു പേർ.
ടിഎച്ച്എസ്എൽസി വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3,212 പേരാണ് പരീക്ഷയെഴുതുന്നത്. എഎച്ച്എസ്എൽസി വിഭാഗത്തിൽ ഒരു പരീക്ഷാകേന്ദ്രമാണുള്ളത്. ചെറുതുരുത്തി കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ 82 പേർ പരീക്ഷയെഴുതും.