ഫ്രാങ്കോ ലൂയിസ്
തൃശൂർ: മലയാളത്തിൽ തകഴിയെ വെല്ലുന്ന ആയിരക്കണക്കിന് സാഹിത്യകാരന്മാർ പിറവിയെടുക്കുന്നു. എസ്എസ്എൽസി മലയാളം പരീക്ഷയുടെ മൂല്യനിർണയ ക്യാന്പിൽ ഉത്തരക്കടലാസുകൾ കണ്ടും വായിച്ചും മാർക്കിട്ട അധ്യാപകർ അന്പരപ്പിലാണ്. തകഴി മുതൽ കാരൂർ വരെയുള്ള എഴുത്തുകാരെ കവച്ചുവയ്ക്കുന്ന രചനകളാണ് ഉത്തരക്കടലാസുകളിൽ പരത്തിയെഴുതിയിരിക്കുന്നത്.
തകഴിയുടെ പ്രശസ്തമായ “രണ്ടിടങ്ങഴി’ നോവലിലെ പ്രധാന കഥാപാത്രങ്ങളാണു ദന്പതികളായ കോരനും ചിരുതയും. “ഭർത്താവിനെ ഉൗട്ടാൻ ശ്രമിക്കുന്ന ഭാര്യയേയും, ഭാര്യയെ കരുതലോടെ പരിഗണിക്കുന്ന ഭർത്താവിനേയും പ്ലാവിലക്കഞ്ഞിയിൽ കാണാം.
ഉചിതമായ കഥാസന്ദർഭങ്ങൾ കണ്ടെത്തി പ്രസ്താവന വിശകലനം ചെയ്യുക എന്ന ചോദ്യപേപ്പറിലെ ഒന്പതാമത്തെ ചോദ്യത്തിനു ലഭിച്ച ഉത്തരങ്ങളാണു ബുഹകേമം. തകഴി പറയാത്ത പുതിയ കഥകളാണ് പത്താം ക്ലാസിലെ സാഹിത്യകാരന്മാർ മെനഞ്ഞെടുത്ത് ഉത്തരക്കടലാസിൽ അവതരിപ്പിച്ചിരിക്കുന്നത്.
കുട്ടികളുടെ ഭാവനാ വൈഭവം കണ്ടാൽ സത്യത്തിൽ തകഴിപോലും വഴുതി വീണുപോകും. കോരനും ചിരുതയും തമ്മിലുള്ള സ്നേഹത്തെ ചിത്രീകരിക്കാൻ കോരൻ അടുത്തു കിടന്നാൽ ചിരുതയുടെ എല്ലാ വിഷമവും തീരുമെന്നുപോലും വച്ചുകാച്ചിയ വിരുതന്മാരുണ്ട്.
പണയത്തെക്കുറിച്ചാണു ചോദ്യം. പ്രണയത്തെക്കുറിച്ചാണ് ഉത്തരം. ഉത്തരമെഴുത്തുകാരുടെ പ്രായം അതാണല്ലോ. ഇ. സന്തോഷ്കുമാറിന്റെ “പണയം’ എന്ന കഥയിലെ നായക കഥാപാത്രമായ ചാക്കുണ്ണിയെ കൂടുതൽ തിളക്കമുള്ളതാക്കുന്നത് ചെന്പു മത്തായിയാണ്.
രണ്ടു കഥാപാത്രങ്ങളേയും താരതമ്യം ചെയ്യുക എന്ന ചോദ്യത്തിനാണ് പ്രണയത്തെക്കുറിച്ച് പ്രബന്ധങ്ങൾതന്നെ എഴുതി വച്ചത്. ജീവിതം പണമുണ്ടാക്കാനുള്ളതാണെന്നു വിശ്വസിക്കുന്ന ചെന്പുമത്തായി, ജീവിതം അർഥപൂർണമാകണമെങ്കിൽ കലയും വേണമെന്ന് വിശ്വസിക്കുന്ന ചാക്കുണ്ണി. ഇവരുടെ കഥയാണ് “പണയം’.
ചിന്തിപ്പിക്കുകയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യുന്ന കാരൂരിന്റെ “കോഴിയും കിഴവിയും’ എന്ന കഥയിൽ നർമത്തിനു പ്രാധാന്യമുള്ള സന്ദർഭങ്ങൾ വിശകലനം ചെയ്യണമെന്ന ചോദ്യമുണ്ട്. കഥയിലെ കഥാപാത്രങ്ങളായ മത്തായിയും മാർക്കോസും രണ്ടു സ്വഭാവക്കാരാണ്.
ഇരുവരുടേയും ഡയലോഗുകളും അവരുടെ ചെയ്തികളും പരസ്പരം തെറ്റിച്ചുകൊണ്ടാണ് വിദ്യാർഥികൾ അവതരിപ്പിച്ചിരിക്കുന്നത്. ചിലർ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളും ഈ ചോദ്യത്തിന് ഉത്തരമായി എഴുതിച്ചേർത്തിട്ടുണ്ട്.
ഉത്തരക്കടലാസിൽ പതിവ് അഭ്യർഥനകളും ആശംസകളും പ്രാർഥനകളുമെല്ലാം ഇത്തവണയും ഉണ്ട്. തുടക്കത്തിൽ ശരിയുത്തരത്തിന്റെ രണ്ടു വരികൾ. പിന്നെ അച്ഛനും അമ്മയും ഇടക്കിടെ വഴക്കിടുന്നതുമൂലം പഠിക്കാനായില്ലെന്നും പഠിച്ചത് ഓർമയിൽ പിടിച്ചുനിൽക്കുന്നില്ലെന്നും ഏഴുതി ജാമ്യമെടുത്തവരുണ്ട്.
ഉത്തരക്കടലാസ് മൂല്യനിർണയം നടത്തുന്ന ടീച്ചർക്കും കുടുംബത്തിനും ദൈവാനുഗ്രഹം ആശംസിച്ച് മാർക്കഭ്യർഥന നടത്തിയവരും ഉണ്ട്.
രണ്ടു ചോദ്യങ്ങളിൽ ഒന്നു മാത്രം എഴുതണമെന്ന നിർദേശം ഗൗനിക്കാതെ രണ്ടു ചോദ്യത്തിനും ഉത്തരമെഴുതിയവരുമുണ്ട്.
മൂല്യനിർണയം നടത്തുന്ന അധ്യാപകരുടെ കണ്ണുവെട്ടിച്ച് കൂടുതൽ മാർക്ക് സ്കോർ ചെയ്യാനാണ് ഈ തന്ത്രം. മിക്ക ഉത്തരങ്ങൾക്കും അക്ഷരങ്ങൾ വളരെ കുറവാണ്. അക്ഷരങ്ങൾ കൊഴിഞ്ഞുപോയ വാക്കുകൾ എന്തെന്നും വാചകങ്ങളുടെ അർഥമെന്തെന്നും മൂല്യനിർണയം നടത്തുന്നവർ ഗണിച്ചെടുക്കണം.
ചാലക്കുടിയിലാണ് മലയാളം ഉത്തരക്കടലാസുകളുടെ മൂല്യനിർണയം. തൃശൂരിൽ സാമൂഹ്യ പാഠം ഉത്തരക്കടലാസുകളുടെ മൂല്യനിർണവും നടക്കുന്നുണ്ട്. ഓരോ ബഞ്ചിലും ഓരോ അധ്യാപകർ എന്ന തോതിൽ സാമൂഹ്യ അകലം പാലിച്ചാണ് മൂല്യ നിർണയം നടത്തുന്നത്.