തിരുവനന്തപുരം: എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ സംബന്ധിച്ച പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തൽ. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് വിളിച്ചു ചേർത്ത അടിയന്തരയോഗത്തിലാണ് കണ്ടെത്തൽ. ഈ മാസം 20 ന് നടന്ന എസ്എസ്എൽസി കണക്കു പരീക്ഷയുടെ ചോദ്യപേപ്പർ കോപ്പിയടിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ചോദ്യപേപ്പറിലെ 13 ചോദ്യങ്ങൾ മലപ്പുറത്തെ ഒരു സ്വകാര്യ ഏജന്‍സി തയാറാക്കിയ മാതൃകാ ചോദ്യപേപ്പറുമായി സാമ്യമുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്. ചോദ്യം തയാറാക്കിയ അധ്യാപകന് ഈ സ്വകാര്യസ്ഥാപനവുമായി ബന്ധമുണ്ടായിരുന്നു. ഇയാൾ ഇവിടെ പഠിപ്പിച്ചിരുന്നതായും തെളിഞ്ഞു. പ്രതിപക്ഷ അധ്യാപക സംഘടനകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസവകുപ്പ് പരീക്ഷാ വകുപ്പിലെ ജോയിന്റ് കമ്മീഷണറെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹം വിദ്യാഭ്യാസമന്ത്രിക്ക് നൽകിയ റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയത്.
കണക്കുപരീക്ഷയെക്കുറിച്ച് വ്യാപകമായ പരാതി ഉയർന്നിരുന്നു. ചോദ്യങ്ങളിൽ ഭൂരിഭാഗവും സിലബസിനു പുറത്തുനിന്നുള്ളവയായിരുന്നു.