തിരുവനന്തപുരം: കോവിഡ് -19 തുടർന്ന് മാറ്റി വെച്ച എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയ്ക്ക് ഇന്ന് തുടക്കമായി. രാവിലെ വിഎച്ച്എസ്ഇ പരീക്ഷകൾ ആരംഭിച്ചു. ഉച്ചയ്ക്ക് 1.45ന് എസ്എസ്എൽസി പരീക്ഷകൾ ആരംഭിക്കും.
30ന് പരീക്ഷ അവസാനിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയോടെയാണ് പരീക്ഷ നടത്തുന്നത്. എസ്എസ്എൽസിക്ക് 4.25 ലക്ഷവും ഹയർസെക്കൻഡറിയിൽ പ്ലസ് വണ് പ്ലസ് ടു വിഭാഗങ്ങളിലായി ഒൻപതു ലക്ഷം വിദ്യാർഥികളുമാണ് പരീക്ഷ എഴുതുന്നത്.
സംസ്ഥാനത്തും ലക്ഷദീപ്, ഗൾഫ് എന്നിവിടങ്ങളിലുമായി എസ്എസ്എൽസിക്ക് 2,945 പരീക്ഷാ കേന്ദ്രങ്ങളും ഹയർസെക്കൻഡറിക്ക് 2,032 പരീക്ഷാ കേന്ദ്രങ്ങളും വൊക്കേഷണൽ ഹയർ സെക്കൻഡറിക്ക് 389 പരീക്ഷാ കേന്ദ്രങ്ങളുമാണ് ഉള്ളത്.
പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി പരീക്ഷാ ഹാളുകൾ, ഫർണിച്ചറുകൾ, സ്കൂൾ പരിസരം എന്നിവ അണുവിമുക്തമാക്കുന്നതിനുള്ള നടപടികൾ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ സ്വീകരിച്ചിട്ടുണ്ട്.
ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പരീക്ഷ എഴുന്ന മുഴുവൻ കുട്ടികൾക്കും മാസ്ക് വിതരണം ചെയ്യും. പരീക്ഷാ കേന്ദ്രങ്ങൾക്കു ആവശ്യമായ ഐആർ തെർമോ മീറ്ററുകൾ, എക്സാമിനേഷൻ ഗ്ലൗസ് എന്നിവ ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ മുഖേന വിതരണം പൂർത്തിയാക്കി .
കുട്ടികളെ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കുന്പോൾ ആരോഗ്യ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായുള്ള പരിശോധനകൾക്കും പിടിഎ അംഗങ്ങളുടെ സാന്നിധ്യം ഉറപ്പാക്കും.
പരീക്ഷയുടെ സുഗമമായ സംഘാടനത്തിനു ജില്ലാതലത്തിൽ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഓഫീസിലും സംസ്ഥാനതലത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസിലും വാർ റൂമുകൾ രൂപീകരിച്ചിട്ടുണ്ട്.
കുട്ടികൾക്കു പരീക്ഷാ കേന്ദ്രങ്ങളിലെത്തിച്ചേരാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിലേക്കായി അവർ ആവശ്യപ്പെട്ട ജില്ലകളിലേക്ക് എസ്എസ്എൽസിക്ക് 1866, ഹയർ സെക്കൻഡറി 8,835, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 219 എന്ന ക്രമത്തിൽ കുട്ടികൾക്ക് സെന്റർ മാറ്റി അനുവദിച്ചു.
സംസ്ഥാനത്തെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലേക്കും വിദ്യാർഥികളുടെ എണ്ണത്തിനു ആനുപാതികമായി ഐആർ തെർമോ മീറ്റർ, പരീക്ഷാ ജോലികളിൽ നിയോഗിക്കപ്പെട്ടിട്ടുള്ളവർക്കുള്ള ഗ്ലൗസ്, വിദ്യാർഥികൾക്ക് ആവശ്യമായ മാസ്ക് വിതരണം ചെയ്തിട്ടുള്ളതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.