തൃശൂർ: എസ്എസ്എൽസി പരീക്ഷയുടെ അവസാന ദിവസം വിദ്യാർഥികളുടെ അഘോഷങ്ങൾ അതിരുവിട്ട് പോകാതിരിക്കാൻ ജാഗ്രത നടപടികൾ സ്വീകരിച്ചെന്ന് തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ.
പല സ്കൂളുകളിലും മുൻ വർഷങ്ങളിൽ ഫർണിച്ചർ, ഫാൻ തുടങ്ങിയവ നശിപ്പിക്കുക, പടക്കം പൊട്ടിക്കുക, വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുക തുടങ്ങിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം അത്തരം പ്രവർത്തികൾ ചെയ്യുന്ന വിദ്യാർഥികൾക്കെതിരേ കർശന നടപടി ഉണ്ടാവുമെന്നാണ് വിദ്യാഭ്യാസ ഓഫീസർ അറിയിച്ചിരിക്കുന്നത്.
സ്കൂൾ പരിസരത്ത് പോലീസ് സംരക്ഷണവും ഉണ്ടാകുന്നതാണ്. എല്ലാ സ്കൂളുകളിലെയും പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ പരീക്ഷ അവസാനിക്കുന്ന സമയത്ത് സ്കൂളില്‍ എത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആഘോഷങ്ങൾക്ക് പിന്നാലെ സ്കൂള്‍ സാമഗ്രികള്‍ നശിപ്പിച്ചാല്‍ അതിന്റെ നഷ്ടം മുഴുവൻ രക്ഷിതാവിൽ നിന്നും ഈടാക്കിയതിന് ശേഷമേ ടിസി നൽകുവെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. എ. അൻസാർ വ്യക്തമാക്കി.
എസ്എസ്എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ 3 മുതലാണ് ആരംഭിക്കുക. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകര്‍ പങ്കെടുക്കുമെന്നാണ് കണക്ക്.