തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഹയര്‍ സെക്കന്‍ഡറി മാതൃകയില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചന. നിരന്തര മൂല്യനിര്‍ണയത്തിനൊപ്പം എഴുത്തുപരീക്ഷയില്‍ നാമമാത്രമായ മാര്‍ക്ക് മാത്രം നേടിയാല്‍ വിദ്യാര്‍ഥികള്‍ വിജയിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നതായി വ്യാപകമായ ആക്ഷേപം ഉയരുന്ന പശ്ചാത്തലത്തിലാണ് മൂല്യനിര്‍ണയത്തില്‍ സമഗ്ര മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവരുമായും കൂടിയാലോചിച്ച് അടുത്ത അധ്യയനവര്‍ഷം മുതല്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. ഇതോടെ എഴുത്തുപരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് നേടാതെ വിജയിക്കാനാവില്ല. 40 മാര്‍ക്കിന്റെ പരീക്ഷയില്‍ മിനിമം 12 മാര്‍ക്കും 80 മാര്‍ക്കിന്റെ പരീക്ഷയില്‍ 24 മാര്‍ക്കുമാണ് നേടേണ്ടത്. എട്ടാം ക്ലാസില്‍ എല്ലാവരെയും വിജയിപ്പിക്കുന്ന രീതിക്കും മാറ്റം വരുത്തുമെന്നും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സബ്ജക്ട് മിനിമം ഏര്‍പ്പെടുത്തിയാല്‍ വിദ്യാഭ്യാസ ഗുണനിലവാരം കുറച്ചുകൂടി മെച്ചപ്പെടും. ഇക്കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ മാത്രമാണ് വ്യത്യസ്ത അഭിപ്രായങ്ങളുള്ളത്. ഇതുമായി ബന്ധപ്പെട്ട സമഗ്ര ചര്‍ച്ചകള്‍ നടത്തുന്നതിനായി വിദ്യാഭ്യാസ കോണ്‍ക്ലേവ് സംഘടിപ്പിക്കും. ഇതില്‍ വരുന്ന നിര്‍ദേശങ്ങള്‍കൂടി സ്വീകരിച്ചാകും തീരുമാനം.
മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാവര്ക്കും ഗൗരവം ഉണ്ടാകും. വിജയശതമാനമുയര്‍ത്താന്‍ മൂല്യനിര്‍ണയം ഉദാരമാക്കിയിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ക്ക് അവരുടെ എഴുത്തുപരീക്ഷയിലെ പ്രകടനത്തിന് അനുസരിച്ചുള്ള മാര്‍ക്കുകളാണ് ലഭിച്ചിട്ടുള്ളതെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി അറിയിച്ചു.
സ്വന്തം ലേഖകന്‍