സ്വന്തം ലേഖകൻ
കോഴിക്കോട്: നഗരത്തിലെ വിദ്യാർഥികളെ ഇനി അധികൃതർ പഠിപ്പിച്ചേ അടങ്ങൂ. എസ്എസ്എൽസി, പ്ലസ് ടു തുടങ്ങിയ പരീക്ഷകളിൽ മികച്ചവിജയം കൈവരിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. വാക്ക് എലോംഗ് വിത്ത് അഡോളസെന്റ് ഫോർ വിക്ടറീസ് ഇൻ എഡ്യുക്കേഷൻ (വേവ്) പദ്ധതി പ്രകാരമാണിത്.
നഗരത്തിലെ വിദ്യാലയങ്ങളിലെ എസ്എസ്എൽസി വിജയശതമാനം കുറച്ചു വർഷങ്ങളായി ജില്ലാ ശരാശരിയിലും താഴെയാണ്. മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങളുണ്ടായിട്ടും ചില വിദ്യാലയങ്ങൾക്ക് മികച്ച വിജയം കൈവരിക്കാനാകുന്നില്ല. ഈ സാഹചര്യം മറികടക്കുകയാണ് വേവിന്റെ പ്രധാന ലക്ഷ്യം.
പദ്ധതിക്കായി 16 ലക്ഷം
അധ്യാപകർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലൂടെ പഠനനിലവാരം ഉയർത്താനാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി. കുട്ടികളുടെ പഠനവും വികാസവും നിരീക്ഷിക്കാനും കുടുംബപരവും സാമൂഹികവുമായ പിന്നോക്കാവസ്ഥയ്ക്കുള്ള കാരണങ്ങൾ കണ്ടെത്തി പിടിഎ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ സഹായത്താൽ പരിഹാരം കാണാനുമുള്ള പ്രവർത്തനങ്ങളാണ് നടപ്പിലാക്കുക.
പദ്ധതിക്കായി നഗരസഭ മാറ്റി വച്ചത് പതിനാറു ലക്ഷത്തോളം രൂപയാണ്. ക്യാന്പുകൾക്ക് 13 ലക്ഷം, അക്കാദമിക് കമ്മിറ്റിക്ക് അയ്യായിരം, പ്രദേശിക കേന്ദ്രങ്ങൾക്ക് മൂന്ന് ലക്ഷം, മോണിറ്ററിംഗിന് പതിനായിരം രൂപ എന്നിങ്ങനെയാണ് തുക.
മേഖലകൾ തിരിച്ച് പ്രവർത്തനം
പാവങ്ങാട്, വെസ്റ്റ്ഹിൽ, നടക്കാവ്, പയ്യാനക്കൽ, മീഞ്ചന്ത, ബേപ്പൂർ, കല്ലായി, ചെറുവണ്ണൂർ, പറയഞ്ചേരി, ചാലപ്പുറം, മെഡിക്കൽ കോളജ്, കാരപ്പറന്പ്, ചെലവൂർ, വേങ്ങേരി എന്നിങ്ങനെ 14 മേഖലയാക്കി തിരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ റസിഡന്റ്സ് അസോസിയേഷകനു കീഴിലും പഠന വീടുകൾ ഉണ്ടാക്കി വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം കൊടുക്കും. ഇതിലൂടെ ഒരോ കുട്ടിക്കും പ്രത്യേക പരിഗണന ലഭിക്കും.
റിട്ട. അധ്യാപകർ, ബിഎഡ് കഴിഞ്ഞവർ, അക്കഡമിക് തലത്തിൽ പ്രവർത്തിക്കുന്നവർ, ഉദ്യോഗസ്ഥർ തുടങ്ങിയവരെ ക്ലാസെടുക്കാൻ നിയമിക്കും. ഇവർക്ക് പരിശീലനം നൽകും.ഡയറ്റിന്റെ കണക്ക് പ്രകാരം ഗണിതം, സാമൂഹ്യശാസ്ത്രം, രസതന്ത്രം എന്നീ വിഷയങ്ങളിലാണ് വിദ്യാർഥികൾ പിറകിൽ നിൽക്കുന്നത്. ഈ വിഷയങ്ങൾക്ക് കൂടുതൽ പ്രധാന്യം നൽകിയാണ് ക്ലാസുകൾ ക്രമീകരിക്കുക. ഹയർസെക്കൻഡറിക്ക് എസ്ഇആർടി മൊഡ്യൂൾ ഉപയോഗിച്ചും എസ്എസ്എൽസിക്ക് നഗരസഭ നൽകുന്ന പ്രത്യേക മൊഡ്യൂൾ ഉപയോഗിച്ചുമായിരിക്കും ക്ലാസ്.
പ്രവർത്തനങ്ങൾ മൂന്നുഘട്ടങ്ങളിലായി
ഒന്നാം ഘട്ടത്തിൽ കൗണ്‍സിലർമാരുടെ യോഗം, വിജയോത്സവം കണ്‍വീനർമാരുടെ യോഗം, റസിഡന്റ് അസോസിയേഷനുകളുടെ യോഗം, ക്ലാസെടുക്കാനുള്ള വളണ്ടിയർമാരെ കണ്ടെത്തലും പരിശീലനം നൽകലും, വിദ്യാർഥികളെ തെരഞ്ഞടുക്കൽ, പഠനക്യാന്പുകൾ രൂപീകരിക്കൽ, വിദ്യാർഥികൾക്ക് കൗണ്‍സിലിംഗ് നൽകൽ എന്നിവ നടത്തും. ഈ മാസം 25 വരെയാണ് ഒന്നാം ഘട്ടം.
രണ്ടാം ഘട്ടത്തിൽ പഠനനിലവാരം വിലയിരുത്തൽ, ഗൃഹസന്ദർശനം, പിയർസപ്പോർട്ട് നൽകൽ, എഡ്യുക്കേഷൻ വളണ്ടിയർ സേവനം, എന്നിവ നടപ്പിലാക്കും. 26 മുതൽ ഡിസംബർ 22 വരെയാണ് രണ്ടാം ഘട്ടം.പഠന ക്യാന്പുകൾ, പ്രഭാത- പ്രദോഷ ക്ലാസുകൾ, പിന്നോക്കം നിൽക്കുന്ന വിഷയങ്ങൾക്കുള്ള പ്രത്യേക പരിശീലനം, മുഴുവൻ എപ്ലസ് ലക്ഷ്യമിട്ടുള്ള പരിശീലനം, പഠന നിലവാര വിശകലനം, വിജയോത്സവം കണ്‍വീനർമാരുടെ യോഗം, റസിഡന്റ്സ് അസോസിയേഷനുകളുടെ യോഗം, ഗൃഹസന്ദർശനം, കൗണ്‍സലിംഗ് എന്നിവയാണ് മൂന്നാം ഘട്ടത്തിൽ ഉണ്ടാവുക.
ജനുവരി ഒന്നു മുതൽ ഫെബ്രുവരി 28 വരെയാണ് മൂന്നാം ഘട്ടം. ഒരോ ഘട്ടത്തിലും വിദ്യാർഥികളിൽ നിന്നും ക്ലാസെടുക്കുന്നവരിൽ നിന്നുമുള്ള പ്രതികരണം വിശകലനം ചെയ്യും. എല്ലാ ഘട്ടത്തിലും മോണിറ്ററിംഗും നടപ്പിലാക്കും. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, ഡിഡിഇ, ആർഡിഡി, കോ-ഓർഡിനേറ്റർമാർ, ഡിപിഒ, ഡിഇഒ, പ്രധാനാധ്യാപകർ തുടങ്ങിയവർ കോർപറേഷൻ തലത്തിൽ പദ്ധതി മോണിറ്റർ ചെയ്യും.