സിജോ പൈനാടത്ത്
കൊച്ചി: സ്കൂളുകളിലെ ജൂണിയർ റെഡ്ക്രോസിന്റെ (ജെആർസി) ഈ വർഷത്തെ സി ലെവൽ പരീക്ഷ നടക്കാത്തത് എസ്എസ്എൽസി വിദ്യാർഥികളുടെ ഗ്രേസ് മാർക്കിനു തിരിച്ചടിയാകുന്നു. ഗ്രേസ് മാർക്കിന് അപേക്ഷ നൽകാനുള്ള സമയപരിധി ഇന്നലെ പൂർത്തിയായി.
എട്ട്, ഒന്പത് ക്ലാസുകളിലെ എ, ബി ലെവൽ പരീക്ഷകളിൽ വിജയിച്ച ഈ വർഷത്തെ പത്താം ക്ലാസുകാർക്ക് സി ലെവൽ പരീക്ഷയെഴുതാനാവാത്തതിനാൽ ഗ്രേസ് മാർക്ക് ഇനത്തിൽ ലഭിക്കേണ്ട പത്തു മാർക്കാണു നഷ്ടമാവുന്നത്. ഓരോ ജില്ലയിലും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണു സി ലെവൽ പരീക്ഷ നടക്കേണ്ടത്. ഡിസംബർ, ജനുവരി മാസങ്ങളിൽ മൂന്നുവട്ടം പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു.
സംസ്ഥാന റെഡ്ക്രോസ് സൊസൈറ്റിയുടെ ഭരണസമിതി സംസ്ഥാന സർക്കാർ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടു കോടതിയിൽ കേസുകൾ നിലനിൽക്കുന്നതിനാലാണു പരീക്ഷകൾ മാറ്റിവച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. സംസ്ഥാനത്താകെ നാല്പതിനായിരത്തോളം എസ്എസ്എൽസി വിദ്യാർഥികളാണ് ഈ വർഷം സി ലെവൽ പരീക്ഷ എഴുതേണ്ടത്.
എറണാകുളം ജില്ലയിൽ മാത്രം 3074 വിദ്യാർഥികളുണ്ട്. എട്ടാം ക്ലാസ് മുതൽ മൂന്നു വർഷത്തെ സേവന പ്രവർത്തനങ്ങളിലും പരിശീലനങ്ങളിലും പങ്കെടുത്ത റെഡ്ക്രോസ് അംഗങ്ങൾക്കു അവസാനത്തെ പരീക്ഷയെഴുതാനാവാതെ ഗ്രേസ് മാർക്ക് നഷ്ടപ്പെടുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. റെഡ്ക്രോസിലൂടെ വിദ്യാർഥികൾ വളർത്തുന്ന സേവനമനോഭാവത്തിനുള്ള അംഗീകാരമായാണു ഗ്രേസ് മാർക്ക് നൽകിവരുന്നത്.
പത്താം ക്ലാസുകാരായ റെഡ്ക്രോസ് അംഗങ്ങൾ ഉപജില്ലാ, ജില്ലാ തലങ്ങളിലുള്ള അവരുടെ ക്യാന്പുകളും സെമിനാറുകളും പൂർത്തിയാക്കിയിട്ടുണ്ട്. ഇടതുപക്ഷ സർക്കാർ റെഡ്ക്രോസിന്റെ സംസ്ഥാന ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർമാരെ നിയമിച്ചിരുന്നു.
ഇതിനെതിരേ വിവിധ കോടതികളിൽ കേസുകൾ നിലവിലുണ്ട്. റെഡ്ക്രോസിനെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു ഭരണസമിതി പിരിച്ചുവിട്ടതെന്നു റെഡ്ക്രോസ് ആലുവ ഉപജില്ല കോ-ഓർഡിനേറ്റർ എസ്.ഡി. ജോസ് ആരോപിച്ചു.
തങ്ങളുടേതല്ലാത്ത കാരണത്താൽ വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് നഷ്ടപ്പെടുത്തുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം എട്ട്, ഒന്പത് ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള എ, ബി ലെവൽ പരീക്ഷകളും ഈ വർഷം നടന്നിട്ടില്ല.
ടീച്ചേഴ്സ് ഗിൽഡ് വിദ്യാഭ്യാസ മന്ത്രിക്കു നിവേദനം നൽകി
കൊച്ചി: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയെഴുതുന്ന ജൂണിയർ റെഡ്ക്രോസ് അംഗങ്ങൾക്കു ഗ്രേസ് മാർക്ക് ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപത ടീച്ചേഴ്സ് ഗിൽഡ് വിദ്യാഭ്യാസ മന്ത്രിക്കു നിവേദനം നൽകി.
അഞ്ചാം ക്ലാസ് മുതൽ റെഡ്ക്രോസിൽ സജീവമായി പ്രവർത്തിച്ചു സി ലെവൽ പരീക്ഷയെഴുതാൻ യോഗ്യത നേടിയ വിദ്യാർഥികൾക്ക് അതിനുള്ള അവസരം നിഷേധിക്കുന്നതു അംഗീകരിക്കാനാവില്ലെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.