കൊല്ലം: എസ്എസ്എൽസി പരീക്ഷയ്ക്കിടയിൽ വിദ്യാർഥി പരീക്ഷാഹാളിൽ മലമൂത്ര വിസർജനം നടത്തിയ സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ പരീക്ഷാഹാളിൽ ഉണ്ടായിരുന്ന അധ്യാപികയ്ക്കെതിരേ പോലീസിൽ പരാതി നൽകി.
കടയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം.
വയറ്റുവേദന അനുഭവപ്പെട്ട വിദ്യാർഥി അധ്യാപികയോട് അപേക്ഷിച്ചിട്ടും ശൗചാലയത്തിൽ പോകാൻ അനുവാദം നൽകിയില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കാനും അധ്യാപിക തയാറായില്ല. വേദന അസഹനീയമായതോടെ വിദ്യാർഥി പരീക്ഷാഹാളിൽ മലമൂത്ര വിസർജനം നടത്തുകയായിരുന്നു.
പരീക്ഷ കഴിഞ്ഞശേഷമാണ് മറ്റുള്ളവർ വിവരം അറിയുന്നത്. സംഭവം വിദ്യാർഥി വീട്ടുകാരെ അറിയിച്ചതിനെതുടർന്ന് മാതാപിതാക്കൾ കടയ്ക്കൽ പോലീസിൽ അധ്യാപികയ്ക്കെതിരേ പരാതി നൽകുകയായിരുന്നു. മാനസിക സംഘർഷം മൂലം മകന് വേണ്ടവിധം പരീക്ഷ എഴുതാനായില്ലെന്നും മികച്ചവിജയം നഷ്ടമാകുമെന്നും പരാതിയിൽ പറയുന്നു.
അതേസമയംപരീക്ഷാ ഡ്യൂട്ടിക്കിടയിൽ അധ്യാപികയുടെ മൊഴിയെടുക്കാൻ പോലീസ് ഉദ്ദേശിക്കുന്നില്ല. പരീക്ഷകഴിഞ്ഞ് അധ്യാപികയുടെ മൊഴികൂടിയെടുത്തശേഷം വേണ്ട കാര്യങ്ങൾ തീരുമാനിക്കുമെന്ന് കടയ്ക്കൽ സിഐ രാഷ്ട്രദീപികയോട് പറഞ്ഞു.