മുക്കം: നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കു വേണ്ടി അധ്യാപകൻ പ്ലസ്ടു പരീക്ഷയെഴുതിയ സംഭവത്തിൽ അധ്യാപകനെ പിന്തുണച്ചും സ്കൂളിലെ നേട്ടങ്ങൾ എടുത്ത് പറഞ്ഞും സ്കൂൾ ലീഡറുടെ തുറന്ന കത്ത്. സ്കൂൾ ലീഡർ എഴുതിയ കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
“”നീലേശ്വരം സ്കൂളിലെ പരീക്ഷാ പേപ്പറിലെ തിരിമറിയാണല്ലോ കുറെ ദിവസമായി നമ്മൾ ചർച്ച ചെയ്യുന്നത്. ഈ വർഷം പഠിച്ചിറങ്ങിയ ഞങ്ങൾക്ക് പറയാനുള്ളത് കൂടി ദയവായി വായിക്കണം” എന്ന് തുടങ്ങുന്ന കത്തിൽ അധ്യാപകരുടെയും പിടിഎ യുടെയും പരിശ്രമത്തിൽ കൈവരിച്ച നേട്ടങ്ങൾ ഓരോന്നായി എണ്ണിപ്പറയുന്നു.
മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 21 പേർ തന്റെ ബാച്ചിൽ പഠിച്ചിറങ്ങിയിട്ടുണ്ടെന്നും അതുപോലെ ഉന്നത വിജയം നേടിയ നിരവധി കൂട്ടുകാരുണ്ടെന്നും ഇതെല്ലാം കഷ്ടപ്പെട്ട് പഠിച്ച് നേടിയതാണെന്നും കോപ്പിയടിച്ച് നേടിയതാണെന്ന തരത്തിലുള്ള പ്രചാരണം സങ്കടകരമാണെന്നും കത്തിൽ പറയുന്നു.
വാർത്തകളിലും സമൂഹ മാധ്യമങ്ങളിലും കാണുന്നതല്ല ഞങ്ങൾ പഠിച്ച സ്കൂൾ. ഞങ്ങൾ ഒന്നാം വർഷം സ്കൂളിൽ ചേർന്നതിന്റെ അടുത്ത മാസം മുതൽ എല്ലാ തിങ്കളാഴ്ചയും പരീക്ഷകൾ ഉണ്ടായിരുന്നു. ഇതിന്റെ മാർക്കുകൾ രക്ഷിതാക്കൾക്ക് അയക്കുകയും ചെയ്തിരുന്നു.
നിഷാദ് സർ വലിയ തെറ്റ് ചെയ്തുവെന്ന് വാട്സ് ആപ്പിലൂടെ അറിഞ്ഞു. ഞങ്ങളത് വിശ്വസിക്കുന്നില്ല. ചെയ്തിട്ടുണ്ടെങ്കിൽ എന്തിനായിരുന്നു അത്. സാറിന്റെ വിഷയത്തിനല്ലേ ഞങ്ങൾ ഏറ്റവും കൂടുതൽ പഠിച്ചതും മാർക്ക് വാങ്ങിയതും. സാറ് തെറ്റ് ചെയ്തൂവെന്ന് ഞങ്ങൾ വിശ്വസിക്കില്ല. സാറിനെ ഞങ്ങൾ മറക്കില്ല. വിദ്യാർഥികളുടെ മനസ്സിൽ എപ്പോഴും ഉണ്ടാകും – കത്തിൽ പറയുന്നു.