തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കായി സ്കൂളുകളിൽ വിദ്യാർഥികൾ എത്തിച്ചേരാനുള്ള ഗതഗത സൗകര്യം അതാത് സ്കൂളുകളിലെ പ്രഥമാധ്യാപകർ ഉറപ്പാക്കണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശം.
ഓരോ വിദ്യാർഥിക്കും വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള ഗതാഗത സൗകര്യം ക്ലാസ് ടീച്ചർമാരുടെ സഹായത്തോടെ പ്രഥമാധ്യാപകർ ഉറപ്പാക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.
വിദ്യാർഥികൾ സ്കൂളിൽ എത്തിച്ചേരുന്നതിനായി സ്വകാര്യ വാഹനങ്ങൾ, പൊതുഗതാഗതം, സ്കൂൾ ബസുകൾ, പിടിഎയുടെ സഹകരണത്തോടെയുള്ള വാഹന സൗകര്യം തുടങ്ങിയവ ഉപയോഗപ്പെടുത്തണം. തദ്ദേശ ഭരണ സ്ഥാപനങ്ങൾ, പട്ടികജാതി-വർഗ വകുപ്പ് എന്നിവയുടെ സഹകരണം ഇക്കാര്യത്തിൽ തേടാം. സമീപത്തുള്ള വിദ്യാലയങ്ങളിലെ ബസുകളും ഇതിനുവേണ്ടി പ്രയോജനപ്പെടുത്താം.
വിദ്യാലയങ്ങളുടെ വാഹനം ക്രമീകരിച്ചു നൽകുന്നതിനു ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ ചുമതലപ്പെടുത്തി. ആദ്യം പറഞ്ഞ രീതിയിൽ ഗതാഗത സൗകര്യം ഉറപ്പുവരുത്താൻ പറ്റാത്ത സാഹചര്യത്തിൽ ബന്ധപ്പെട്ട ആർഡിഡി, എഡി,ഡിഇഒ എന്നിവരെ അറിയിച്ച് പരീക്ഷയ്ക്ക് വിദ്യാർഥികളെ എത്തിക്കുന്നതിനായി വിദ്യാലയങ്ങൾക്ക് വാഹനം വാടകയ്ക്കു എടുക്കാം.
മറ്റ് സ്കൂളുകളുടെ വാഹനം എടുക്കുന്പോൾ ഇന്ധന ചെലവ്, ഡ്രൈവറുടെ ദിവസ വേതനം എന്നിവയും വാഹനം എടുക്കേണ്ടി വരുന്ന ഘട്ടത്തിൽ നൽകേണ്ടിവരുന്ന വാടകയും സ്കൂളിന്റെ സ്പെഷൽ ഫീസ്, പിടിഎ ഫണ്ട് എന്നിവയിൽ നിന്നു കണ്ടെത്തണം. ഇതുമായി ബന്ധപ്പെട്ട തീരുമാനം വെള്ളിയാഴ്ച പ്രഥമാധ്യാപകർ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം വിളിച്ചു ചേർത്തു കൈക്കൊള്ളണം.
കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ മാറ്റി വയ്ക്കപ്പെട്ട എസ്എസ്എൽസി,ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ 26 മുതൽ 30 വരെയാണ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്.